Home Keralaപിഎസ്‌സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് ആരോപണം; സിലബസ് മാറ്റം മറച്ചുവെച്ചെന്ന് ഉദ്യോഗാർഥികൾ

പിഎസ്‌സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് ആരോപണം; സിലബസ് മാറ്റം മറച്ചുവെച്ചെന്ന് ഉദ്യോഗാർഥികൾ

by news_desk1
0 comments

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. ഈ മാസം 18-ന് നടന്ന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയിലാണ് ക്രമക്കേട് നടന്നതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം ഉദ്യോഗാർഥികളെ അറിയിച്ചില്ലെന്നും അവർ ആരോപിക്കുന്നു.

പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പാണ് സിലബസ് മാറ്റിയതെന്നാണ് പരാതി. യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെയാണ് സിലബസ് പരിഷ്‌കരിച്ചതെന്നും പരീക്ഷാ ദിവസമാണ് ഈ മാറ്റം അറിയാൻ കഴിഞ്ഞതെന്നും ഉദ്യോഗാർഥികൾ പറയുന്നു.

വർഷങ്ങളായി ഈ തസ്തികയിലേക്കുള്ള പരീക്ഷാ സിലബസിൽ പ്രധാനമായും ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറൽ നോളജ് എന്നീ വിഷയങ്ങളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ ജനറൽ നോളജ് ഒഴിവാക്കി പകരം കൊമേഴ്‌സ് ഉൾപ്പെടുത്തിയെന്നാണ് ആരോപണം.

ഈ തസ്തികയ്ക്ക് കൊമേഴ്‌സ് ഉൾപ്പെടുത്തേണ്ട സാഹചര്യം എന്താണെന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. സിലബസ് മാറ്റത്തിന് വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഉത്തരസൂചികയിലും അസ്വാഭാവികതകളുണ്ടെന്നാണ് മറ്റൊരു ആരോപണം. 100 ചോദ്യങ്ങളിൽ 54 ചോദ്യങ്ങൾക്കും ‘ബി’ ഓപ്ഷനാണ് ഉത്തരമായി നൽകിയിരിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ചിലരെ സഹായിക്കുന്നതിനായി നടത്തിയ ക്രമക്കേടാണിതെന്നാണ് അവരുടെ ആരോപണം.

സംഭവത്തിൽ പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. വിഷയത്തിൽ മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയർമാനും ഉദ്യോഗാർഥികൾ പരാതി നൽകിയിട്ടുണ്ട്.

You may also like