Home Top Storiesലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല; പ്രതികൾക്കെതിരെ കാപ്പയും സ്വത്ത് കണ്ടുകെട്ടലും, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല; പ്രതികൾക്കെതിരെ കാപ്പയും സ്വത്ത് കണ്ടുകെട്ടലും, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

by news_desk1
0 comments

കൊച്ചി: ലഹരിക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ലഹരി കേസുകളിലെ പ്രതികൾക്കെതിരെ കാപ്പ നിയമം ചുമത്തുകയും ആവശ്യമായിടത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരിയുടെ വേരുകൾ ഇത്ര ആഴത്തിൽ പടർന്നിട്ടുണ്ടെന്ന് ഇപ്പോഴാണ് താൻ മനസ്സിലാക്കുന്നതെന്നും, ലഹരി വ്യാപനവും വിൽപ്പനയും അവസാനിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ മാധ്യമ പ്രവർത്തകൻ ഡോ. അരുണ്‍ കുമാറിനെ “തൂഫാൻ വാരിയർ” ആയി മന്ത്രി പ്രഖ്യാപിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ തുടർന്നും ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസ് ഇതുവരെ 3,258 ബോധവത്കരണ ക്ലാസുകളും 224 കൗൺസിലിംഗും നടത്തിയിട്ടുണ്ട്. 15 പേരെ റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലേക്ക് അയച്ചു. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇതുവരെ 3,790 കേസുകൾ രജിസ്റ്റർ ചെയ്യുകയും 4,070 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ 32 കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി കേസുകളും 131 ഇന്റർമീഡിയറ്റ് ക്വാണ്ടിറ്റി കേസുകളും ഉൾപ്പെടുന്നു. ഓപ്പറേഷൻ തൂഫാനിന് വലിയ ജനപിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലഹരി വിൽപ്പന അവസാനിപ്പിക്കാൻ പൊലീസ് മാത്രം ശ്രമിച്ചാൽ മതിയാകില്ലെന്നും, സമൂഹം മുഴുവൻ അതിനൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് മേൽപ്പറമ്പിൽ നടത്തിയ റെയ്ഡിൽ കുട്ടികൾക്കായി മിഠായി രൂപത്തിൽ പുകയില ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രം കണ്ടെത്തിയ സംഭവം ഞെട്ടിപ്പിച്ചതായും മന്ത്രി പറഞ്ഞു. ആയിരക്കണക്കിന് കുട്ടികൾക്ക് വിതരണം ചെയ്യാൻ ലക്ഷക്കണക്കിന് ലഹരി മിഠായികൾ നിർമ്മിക്കുകയായിരുന്നുവെന്നും, കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളെ കാപ്പ ഉൾപ്പെടെയുള്ള നിയമങ്ങൾ ഉപയോഗിച്ച് ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരന്തരമായി ഗുണ്ടാപ്രവർത്തനത്തിലും ലഹരി വ്യാപനത്തിലും ഏർപ്പെടുന്നവർക്കെതിരെ കാപ്പ ചുമത്തുമെന്നും, സ്വത്തുക്കൾ കണ്ടുകെട്ടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി ആവർത്തിച്ചു. കേരളത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ തൂഫാനിന് സ്കൂൾ വിദ്യാർത്ഥികൾ, ക്ലബുകൾ, കലാ-സാംസ്‌കാരിക സംഘടനകൾ, അമ്മമാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോഗം വിളിക്കുമെന്നും, സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ലഹരി വിപത്തിനെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ജനപങ്കാളിത്തത്തോടെ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മുമ്പ് ജനങ്ങൾക്ക് ഗുണ്ടകളെ പേടിയായിരുന്നു, എന്നാൽ ഇപ്പോൾ ഗുണ്ടകൾക്ക് ജനങ്ങളെയും പൊലീസിനെയും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ടത്തിൽ ലഹരി ഉപയോഗിക്കുന്നവരുടെ പുനരധിവാസത്തിനാണ് മുൻഗണന നൽകുക. കൂടുതൽ പേരെ റീഹാബിലിറ്റേഷനിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും, സ്കൂളുകളിൽ സൈക്യാട്രിസ്റ്റുമാരുടെ ക്ലാസുകൾ സംഘടിപ്പിച്ച് കുട്ടികളുടെ പെരുമാറ്റം വിലയിരുത്താനുള്ള പദ്ധതിയും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഘട്ടംഘട്ടമായി മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുക എന്നതാണ് കോൺഗ്രസിന്റെ നയമെന്ന് പറഞ്ഞ അദ്ദേഹം, വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫിൽ ചർച്ച നടത്തിയ ശേഷമേ തീരുമാനമുണ്ടാകൂ എന്നും, അതല്ലാതെ ഏകപക്ഷീയമായ തീരുമാനമൊന്നും ഉണ്ടാകില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

You may also like