കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്.
റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് മറുഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യശ്വന്ത്പൂർ–കണ്ണൂർ എക്സ്പ്രസ് ട്രെയിനാണ് കുട്ടിയെ ഇടിച്ചത്.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തിന് സമീപം റെയിൽവേ അടിപ്പാതയുണ്ടെങ്കിലും അത് വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇതുമൂലം നാട്ടുകാർ ഉൾപ്പെടെ പലരും ട്രാക്ക് മുറിച്ചുകടന്നാണ് മറുഭാഗത്തേക്ക് പോകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

