Home Internationalപശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം; ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം, യുഎഇയിൽ മിസൈൽ മുന്നറിയിപ്പ് പരിഭ്രാന്തി

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം; ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം, യുഎഇയിൽ മിസൈൽ മുന്നറിയിപ്പ് പരിഭ്രാന്തി

by news_desk1
0 comments

അബുദാബി: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. നിലവിലുള്ള വെടിനിർത്തൽ ധാരണ ലംഘിച്ച് ഇറാനിൽ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി. ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്കയുടെ നടപടി. ഇതോടെ മേഖലയിലാകെ വീണ്ടും സുരക്ഷാ ആശങ്ക ശക്തമായി.

ഇതിനിടെ യുഎഇയിൽ വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയതോടെ പരിഭ്രാന്തി പടർന്നു. എന്നാൽ മിനിറ്റുകൾക്കകം രാജ്യം സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന ‘ഓൾ ക്ലിയർ’ സന്ദേശവും അധികൃതർ പുറത്തിറക്കി.

പ്രാദേശിക സമയം വൈകുന്നേരം 5.15-ഓടെയാണ് ദുബായിലും അബുദാബിയിലുമുള്ള ജനങ്ങൾക്ക് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചത്. അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് ഉടൻ മാറണമെന്നും ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും അകലെയിരിക്കണമെന്നും സന്ദേശത്തിൽ നിർദേശിച്ചിരുന്നു. രണ്ട് മിനിറ്റിനുശേഷം നിലവിൽ യാതൊരു സുരക്ഷാ ഭീഷണിയും ഇല്ലെന്നും സാഹചര്യം പൂർണമായും സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു. മുന്നറിയിപ്പിന് പിന്നിലെ കാരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രാദേശിക സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് എത്തിയത്. നിലവിൽ ദുബായിലെ ജനജീവിതവും വിമാന സർവീസുകളും സാധാരണ നിലയിലാണ്.

ജൂൺ 25-ന് ഹോർമുസ് കടലിടുക്കിലൂടെ ഒമാൻ തീരത്തുകൂടി സഞ്ചരിച്ചിരുന്ന സിംഗപ്പൂർ പതാകയേന്തിയ എം/വി എവർ ലൗലി എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ വൺ-വേ അറ്റാക്ക് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിന് ശക്തമായ മറുപടിയായാണ് അമേരിക്കയുടെ വ്യോമാക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ നടപടി വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും അന്താരാഷ്ട്ര വ്യാപാരപാതയിലെ നാവിക സ്വാതന്ത്ര്യത്തിന് ഇത് ഭീഷണിയാണെന്നും യുഎസ് ആരോപിച്ചു.

വീണ്ടും ആക്രമണവും പ്രത്യാക്രമണവും ഉണ്ടായതോടെ മേഖലയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്. ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് വിതരണം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് അമേരിക്കൻ സൈന്യം സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും കരാറുകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൈന്യം ജാഗ്രതയോടെ നിലകൊള്ളുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും അവർ പുറത്തുവിട്ടു.

ആക്രമണം നടന്ന കൃത്യമായ സ്ഥലം അമേരിക്ക വ്യക്തമാക്കിയിട്ടില്ല. എന്നാൽ തെക്കൻ തുറമുഖ നഗരമായ സിരിക്കിലെ താഹെറൂയേ പിയർ മേഖലയിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ നടപടിയെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രംഗത്തെത്തി. ഇനി ഏതുതരത്തിലുള്ള ആക്രമണവും ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ജെ.ഡി. വാൻസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. ഒപ്പുവെച്ച വെടിനിർത്തൽ കരാർ അമേരിക്ക മാനിക്കുന്നുണ്ടെന്നും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like