തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം ഉണ്ടായെന്ന് മുൻ സഹകരണ മന്ത്രി വി.എൻ. വാസവൻ. ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ കാഴ്ചവെക്കുന്നതെന്ന് തങ്ങൾ മുൻപ് പറഞ്ഞപ്പോൾ, അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് അതിനെ പരിഹാസത്തോടെയാണ് കണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഇപ്പോൾ ഊരാളുങ്കലിന് മികച്ച നിർമാണ നിലവാരമുണ്ടെന്ന് അവർ തന്നെ അംഗീകരിക്കേണ്ടി വന്നതിൽ സന്തോഷമുണ്ടെന്നും, സഹകരണ മേഖലയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും വി.എൻ. വാസവൻ വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളിൽ ഊരാളുങ്കലിനെതിരെ പരസ്യമായി വലിയ വിമർശനങ്ങൾ ഉന്നയിച്ചവർ തന്നെ, രഹസ്യമായി അവരെ സമീപിച്ച് തങ്ങളുടെ മണ്ഡലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വി.എൻ. വാസവൻ ആരോപിച്ചു.
യു-ടേൺ അടിച്ച് യുഡിഎഫ്
പ്രതിപക്ഷത്തിരുന്ന സമയത്തെ ഊരാളുങ്കലിനെതിരായ നിലപാടുകളിൽ നിന്ന് യുഡിഎഫ് പൂർണമായും യു-ടേൺ അടിച്ചിരിക്കുകയാണ്. ഊരാളുങ്കലിന് നിയമവിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള കരാറുകൾ നൽകിയതായോ, കരാർ തുകയേക്കാൾ കൂടുതൽ പണം വഴിവിട്ട് നൽകിയതായോ വിവരമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
ഊരാളുങ്കലിന്റെ നിർമാണ പ്രവർത്തനങ്ങൾ നിലവാരമുള്ളതാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. ഒരേസമയം നിരവധി നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനാലുള്ള ജോലിഭാരമാണ് നിലവിൽ ഊരാളുങ്കൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിരുന്ന കാലത്ത് പിണറായി സർക്കാരിന്റെ അഴിമതിയുടെ മർമ്മസ്ഥാനവും പ്രഭവകേന്ദ്രവും ഊരാളുങ്കലാണെന്നായിരുന്നു കോൺഗ്രസ്-യുഡിഎഫ് നേതാക്കളുടെ ആരോപണം.

