Home Kerala‘ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’; നടിക്കെതിരായ ലൈംഗികാധിക്ഷേപക്കേസിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ, കേസ് പിൻവലിക്കുമെന്ന് പ്രതീക്ഷ

‘ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’; നടിക്കെതിരായ ലൈംഗികാധിക്ഷേപക്കേസിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ, കേസ് പിൻവലിക്കുമെന്ന് പ്രതീക്ഷ

by news_desk1
0 comments

നടിക്കെതിരായ ലൈംഗികാധിക്ഷേപക്കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ മാപ്പ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. മനഃപൂർവം ആരെയും വേദനിപ്പിക്കാനോ മോശമായി ചിത്രീകരിക്കാനോ ശ്രമിച്ചിട്ടില്ലെന്നും, തന്റെ വാക്കുകൾ നടിയെയും കുടുംബത്തെയും വേദനിപ്പിച്ചതായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രവർത്തിയിൽ ആത്മാർഥമായ ഖേദം അറിയിക്കുന്നതായും, തന്റെ വാക്കുകൾക്കും അതുണ്ടാക്കിയ പ്രത്യാഘാതങ്ങൾക്കും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഈ ആത്മാർഥമായ ക്ഷമാപണം സ്വീകരിച്ച് നടി കേസ് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസെടുത്ത് ഒന്നര വർഷത്തിന് ശേഷമാണ് ബോബി ചെമ്മണ്ണൂരിന്റെ ഖേദപ്രകടനം.

ബോബി ചെമ്മണ്ണൂരിന്റെ കുറിപ്പ്

“പ്രിയ സുഹൃത്തുക്കളെ, യഥാർഥത്തിൽ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന വ്യക്തിയാണ് ഞാൻ. ആരെയും മനഃപൂർവം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളിൽ ഇടയ്ക്കിടെ നർമവും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്. എന്നാൽ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെയുള്ളവയല്ല.

എന്നാൽ, ശ്രീമതി ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ വരുത്തിയ ദ്രോഹത്തിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.

എന്റെ വാക്കുകൾക്കും അവയുണ്ടാക്കിയ ആഘാതത്തിനും ഞാൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാർഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അക്കാര്യം പരിഗണിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. പോസിറ്റീവായി മുന്നോട്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.”

You may also like