Home Blogസംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന വിവാദം; എൻ ശേഷാദ്രിനാഥനെ നിർദേശിച്ചത് മുഖ്യമന്ത്രി, എതിർപ്പിന് പിന്നിൽ കെസി പക്ഷമെന്ന സൂചന

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന വിവാദം; എൻ ശേഷാദ്രിനാഥനെ നിർദേശിച്ചത് മുഖ്യമന്ത്രി, എതിർപ്പിന് പിന്നിൽ കെസി പക്ഷമെന്ന സൂചന

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥന്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് സൂചന. മുഖ്യമന്ത്രിയുടെ നിർദേശം വകുപ്പ് മന്ത്രിയായ കെ എം ഷാജി അംഗീകരിക്കുകയായിരുന്നു. നിയമനം വിവാദമായതോടെ കൂടുതൽ ചോദ്യങ്ങൾ മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.

നിയമനത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് രംഗത്തെത്തിയതിന് പിന്നിൽ കെ സി വേണുഗോപാൽ പക്ഷമാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. കെ സി പക്ഷം കെ സോമന്റെ പേരാണ് നിർദേശിച്ചതെങ്കിലും അത് പരിഗണിച്ചില്ലെന്നാണ് വിവരം.

അതേസമയം, എൻ ശേഷാദ്രിനാഥന്റെ നിയമന നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുകയാണ്. ശേഷാദ്രിനാഥന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണും. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി നിയമനത്തെ ന്യായീകരിച്ച സാഹചര്യത്തിലാണ് നിയാസിന്റെ പുതിയ നീക്കം. ശേഷാദ്രിനാഥന്റെ സംഘപരിവാർ പശ്ചാത്തലം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും.

മണ്ഡല പുനർനിർണയത്തിന്റെ പശ്ചാത്തലത്തിൽ ഈ നിയമനം തിരിച്ചടിയാകുമെന്നാണ് പി എം നിയാസിന്റെ നിലപാട്. ഒരു തെരഞ്ഞെടുപ്പ് കമ്മീഷണർ വിചാരിച്ചാൽ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാമെന്നും അത്തരമൊരു സാഹചര്യം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കെ എം ഷാജിയുടെ പ്രതികരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് പാർട്ടി ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ് താൻ ഉന്നയിച്ചതെന്നും നിയാസ് പറഞ്ഞു. താൻ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ശേഷാദ്രിനാഥന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും നീക്കം ചെയ്തുവെന്നും മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ അത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ഇതിനിടെ, ശേഷാദ്രിനാഥന്റെ നിയമനത്തോട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിലും എതിർപ്പുണ്ടെന്നാണ് വിവരം. കെ എം ഷാജിയെ ഒഴികെ വിഷയത്തിൽ മുതിർന്ന നേതാക്കൾ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘപരിവാർ പശ്ചാത്തലമുള്ള ഒരാളെ തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള സുപ്രധാന സ്ഥാനത്ത് നിയമിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് അവരുടെ വിലയിരുത്തൽ.

ഇക്കഴിഞ്ഞ ജൂൺ 27-നാണ് പി എം നിയാസ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുഖ്യമന്ത്രി വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവർക്കു കത്ത് നൽകി നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

ശേഷാദ്രിനാഥൻ ജനിച്ചതും പഠിച്ചതും അഭിഭാഷക ജീവിതം ആരംഭിച്ചതും താൻ ജനപ്രതിനിധിയായിരുന്ന ചാലപ്പുറത്താണെന്നും, താൻ കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം എസ്എഫ്ഐയുടെ സജീവ പ്രവർത്തകനും നേതാവുമായിരുന്നുവെന്നും നിയാസ് കത്തിൽ ചൂണ്ടിക്കാട്ടി. ലോ കോളേജിൽ കെഎസ്യുവിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണെന്നും, അതേസമയം കെഎസ്യുവിനായി പ്രവർത്തിച്ചും മർദനങ്ങളും പീഡനങ്ങളും സഹിച്ചവരും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയാസിന്റെ ആരോപണങ്ങൾ തള്ളിയ കെ എം ഷാജി, തന്റെ വകുപ്പ് നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചതാണെന്നും ശേഷാദ്രിനാഥനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് ശുപാർശ നൽകിയതെന്നും പറഞ്ഞു. വിശ്വാസിയാകുന്നത് തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like