രാജസ്ഥാൻ: ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
യാത്രയ്ക്കിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും ചെയ്തു.
ബസിൽ തീ പടർന്നതിനെ തുടർന്ന് അഞ്ച് പേർ വെന്തുമരിച്ചതായി പൊലീസ് അറിയിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്നാണ് മറ്റ് രണ്ട് പേർ മരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ഇൻഡോറിൽ നിന്ന് ഹരിദ്വാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൗസ എസ്.പി. പീയുഷ് ദീക്ഷിത് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

