Home Localപുലർച്ചെ എത്തുന്ന സ്ലീപ്പർ ബസുകൾ മാത്രം തിരഞ്ഞെടുത്തു; 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കോഴിക്കോട്ട് പിടിയിൽ

പുലർച്ചെ എത്തുന്ന സ്ലീപ്പർ ബസുകൾ മാത്രം തിരഞ്ഞെടുത്തു; 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കോഴിക്കോട്ട് പിടിയിൽ

by news_desk1
0 comments

കോഴിക്കോട്: ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തിയിരുന്ന ഒഡീഷ സ്വദേശി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന പ്രസൽ പ്രഥാൻ (47) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള എ.സി.പി. സ്ക്വാഡും ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് കൊമ്മേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി ഭുവനേശ്വറിൽ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട് നഗരത്തിലും ഫറോക്ക് മേഖലയിലുമായി ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ ഇയാൾ ഇടയ്ക്കിടെ നാട്ടിൽ പോയി വരുകയും, മടങ്ങിവരുമ്പോൾ പരിശോധന ഒഴിവാക്കാൻ പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസുകൾ മാത്രം ഉപയോഗിക്കുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.

രാമനാട്ടുകരയിൽ ബസിറങ്ങി ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് പോകുന്നതായിരുന്നു ഇയാളുടെ പതിവ് രീതി. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് രാമനാട്ടുകരയിൽ കാത്തുനിന്ന്, ട്രോളി ബാഗുമായി ബസിൽ നിന്ന് ഇറങ്ങിയ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോഴാണ് 11 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

You may also like