Home Keralaടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും; ‘മറ്റ് വരുമാനം കണ്ടെത്തൂ’ പരാമർശത്തിനെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ വ്യത്യസ്ത പ്രതിഷേധം

ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും; ‘മറ്റ് വരുമാനം കണ്ടെത്തൂ’ പരാമർശത്തിനെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ വ്യത്യസ്ത പ്രതിഷേധം

by news_desk1
0 comments

പത്തനംതിട്ട: ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു. സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്ന ഗതാഗത മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡ്രൈവർമാരും കണ്ടക്ടർമാരും ബസുകളിലും സ്വകാര്യ ബസ് സ്റ്റാൻഡിലും പലഹാരങ്ങൾ വിറ്റാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ജില്ലയിലെ മിക്ക റൂട്ടുകളിലും സർവീസുകൾ വലിയ നഷ്ടത്തിലാണെന്ന് ജീവനക്കാർ പറയുന്നു. ദിവസം 1,500 രൂപ ലഭിച്ചിരുന്ന ശമ്പളം പകുതിയായി കുറഞ്ഞെന്നും, ആകെ വരുമാനത്തിൽ 5,000 രൂപ വരെ കുറവുണ്ടായെന്നും അവർ ആരോപിച്ചു. കെഎസ്ആർടിസിയുടെ വനിതാ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ സർവീസ് തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, പല ബസുടമകളും സർവീസ് അവസാനിപ്പിക്കുന്നത് പരിഗണിക്കുകയാണെന്നും ജീവനക്കാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഗതാഗത മന്ത്രി സ്വകാര്യ ബസുകൾക്ക് ടിക്കറ്റിന് പുറമെ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്താനാകുമോയെന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്. കെഎസ്ആർടിസി പരസ്യവരുമാനം നേടുന്നുണ്ടെന്നും, സ്വകാര്യ ബസുകളുടെ പുറത്ത് പരസ്യങ്ങൾ നൽകുന്നതിന് തടസമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കാർഗോ സേവനം വീണ്ടും ആരംഭിക്കാനാകുമോയെന്നും സർക്കാർ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സമരത്തോട് സർക്കാരിന് എതിർപ്പില്ലെന്നും, സമരം നടത്തുന്നവരുമായി അനുഭാവപൂർവം ചർച്ച നടത്തുമെന്നും മന്ത്രി പ്രതികരിച്ചു. സ്വകാര്യ ബസുകൾ സർവീസ് നിർത്തരുതെന്നും അത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി, പ്രശ്നമുള്ള റൂട്ടുകൾ കണ്ടെത്തി പരിഹാരം കാണാൻ സർക്കാർ തയ്യാറാണെന്നും അറിയിച്ചു.

You may also like