തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.
കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ, വേഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾ നിലവിൽ സൈബർ കുറ്റകൃത്യ സംഘങ്ങളുടെ പ്രധാന ഹോട്ട് സ്പോട്ടുകളായി മാറിയിരിക്കുകയാണെന്നും, ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ ഹവാല സംഘങ്ങൾ സംസ്ഥാനത്ത് സമാന്തര സാമ്പത്തിക ശൃംഖല രൂപപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
തട്ടിപ്പിലൂടെയും നിയമവിരുദ്ധ ഇടപാടുകളിലൂടെയും സമാഹരിക്കുന്ന വൻതുകകൾ മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹ പ്രവർത്തനങ്ങൾ, ഭീകരവാദ ഫണ്ടിംഗ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുവെന്ന ഗുരുതര സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്.
അന്തർസംസ്ഥാന-അന്തർദേശീയ തലങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന സാമ്പത്തിക ശൃംഖലയും ക്രിപ്റ്റോ ഇടപാടുകളുടെയും സങ്കീർണ്ണതയും വിശദമായി അന്വേഷിക്കേണ്ട സാഹചര്യം നിലനിൽക്കുന്നതിനാലാണ് എൻഐഎ, ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കേസുകൾ കൈമാറാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

