Home Nationalബെംഗളൂരുവിൽ ക്വാറി ദുരന്തം; കൂറ്റൻ പാറയും മണ്ണും ഇടിഞ്ഞുവീണ് ഒമ്പത് തൊഴിലാളികൾ മരിച്ചു

ബെംഗളൂരുവിൽ ക്വാറി ദുരന്തം; കൂറ്റൻ പാറയും മണ്ണും ഇടിഞ്ഞുവീണ് ഒമ്പത് തൊഴിലാളികൾ മരിച്ചു

by news_desk1
0 comments

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. ഇന്ന് രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ എന്ന ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ പാറക്കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദുരന്തവിവരമറിഞ്ഞ് താവരെക്കരെ പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്വാറിയിൽ വീണുകിടക്കുന്ന കൂറ്റൻ പാറക്കല്ലുകളും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.

അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സംഭവസ്ഥലത്ത് നിന്നുള്ള വിവരം. മരണപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

You may also like