കരൂർ: തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക.
ജൂലൈ 10, 11 തീയതികളിൽ വിജയ് കരൂർ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കരൂർ സന്ദർശനമാകും ഇത്.
കരൂരിൽ നടക്കുന്ന സർക്കാരിന്റെ ക്ഷേമ വിതരണ പരിപാടിയിൽ വിജയ് പങ്കെടുക്കും. കൂടാതെ, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ സന്ദർശിച്ച് സർക്കാർ ജോലിയുടെ രേഖകൾ കൈമാറുമെന്നും വിവരമുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് മഹാബലിപുരത്തെ റിസോർട്ടിൽ വെച്ച് വിജയ് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 37 കുടുംബങ്ങളുടെ പ്രതിനിധികളാണ് അന്ന് പങ്കെടുത്തത്. എപ്പോഴും തങ്ങൾക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.
ദുരന്തബാധിതരുടെ കുടുംബങ്ങളെ കൈവിടില്ലെന്നും, കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ബന്ധുക്കളുടെ ചികിത്സാ ചെലവുകൾക്കും പിന്തുണ നൽകുമെന്നും തമിഴക വെട്രി കഴകം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മരിച്ചവരുടെ ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം ധനസഹായവും നൽകിയിരുന്നു.
2025 സെപ്റ്റംബർ 27-നാണ് കരൂരിൽ വിജയിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിച്ച ദുരന്തമുണ്ടായത്.

