കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിനൊപ്പം ഹൈക്കോടതിക്കെതിരെ വിമർശനവുമായി സംസ്ഥാന സർക്കാർ. പ്രോസിക്യൂഷൻ അനുമതി നൽകാൻ ഹൈക്കോടതി നൽകിയ നിർദ്ദേശം അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് നൽകിയ അനുമതി ഉത്തരവിലാണ് ഹൈക്കോടതിയെ വിമർശിക്കുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ, പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിക്കുന്ന തരത്തിലുള്ള ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും, സർക്കാർ മനസ്സർപ്പിച്ച് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഇടപെട്ടത് പ്രോസിക്യൂഷൻ അതോറിറ്റിയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
അതേസമയം, പ്രോസിക്യൂഷൻ അനുമതിക്കെതിരെ അപ്പീൽ നൽകാനുള്ള അവകാശം പ്രതികൾക്കുണ്ടെന്ന പരാമർശവും സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സി.ബി.ഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയെങ്കിലും ബന്ധപ്പെട്ട ഉത്തരവ് സർക്കാർ ഇതുവരെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഉത്തരവ് സമർപ്പിക്കാൻ ബുധനാഴ്ച വരെ ഹൈക്കോടതി സർക്കാരിന് സാവകാശം നൽകിയിട്ടുണ്ട്.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരെ പരാതിക്കാരനായ ഐ.എൻ.ടി.യു.സി നേതാവ് കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

