Home Top Stories‘മലയാളികൾക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ട്’; പെരുമ്പാവൂരിലെ ‘തൂഫാൻ ജാഗരൺ’ റാലിയിൽ കടുത്ത മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

‘മലയാളികൾക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ട്’; പെരുമ്പാവൂരിലെ ‘തൂഫാൻ ജാഗരൺ’ റാലിയിൽ കടുത്ത മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

by news_desk1
0 comments

കൊച്ചി: പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള സർക്കാർ നടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ റാലിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെരുമ്പാവൂർ ലഹരിയുടെ തലസ്ഥാനം എന്ന കുപ്രസിദ്ധി മാറണമെന്നും, ‘ഓപ്പറേഷൻ തൂഫാൻ’ ചരിത്രമാകണമെന്നും അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികളെ മാത്രം കുറ്റപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാനാകില്ലെന്നും, ലഹരി വ്യാപനത്തിൽ മലയാളികൾക്കും പങ്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലഹരി വിൽപ്പന അവസാനിപ്പിക്കാത്തവർക്ക് കൈകളിൽ വിലങ്ങുവീഴുമെന്ന് ലഹരി മാഫിയകൾക്ക് മുന്നറിയിപ്പ് നൽകിയ മന്ത്രി, മരണത്തിന്റെ വ്യാപാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വ്യക്തമാക്കി.

കേരളം, കർണാടക, പുതുച്ചേരി, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ സംയുക്ത യോഗം ഉടൻ വിളിച്ചുചേരുമെന്നും, ലഹരിവേട്ടയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ വാഹനങ്ങളും ജീവനക്കാരും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഇതിനായി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ തെരുവുകളിലൂടെ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനാകുന്ന സാഹചര്യം ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും, ഈ വലിയ പോരാട്ടത്തിൽ ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേരള പോലീസിനെയും മന്ത്രി അഭിനന്ദിച്ചു. പ്രത്യേകിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് അദ്ദേഹം പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തു.

You may also like