കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. നടി ശ്വേത മേനോനെതിരെ സംഘടനയിലെ ഒരു വിഭാഗം വീണ്ടും രംഗത്തെത്തി. രമേഷ് പിഷാരടിയുമായുള്ള സംഭാഷണം പുറത്തുവിട്ട നടപടി ക്രിമിനൽ സ്വഭാവമുള്ളതാണെന്ന് ആരോപിച്ച് നടി ഉഷ ഹസീന ശക്തമായ വിമർശനം ഉന്നയിച്ചു.
ശ്വേത മേനോന് അധികാരക്കൊതിയാണെന്നും സംഘടനയെ പ്രതിസന്ധിയിലാക്കിയത് ശ്വേതയാണെന്നും ഉഷ ഹസീന ആരോപിച്ചു. പാവപ്പെട്ട അംഗങ്ങളുടെ ശാപം ശ്വേതയ്ക്ക് ലഭിക്കുമെന്നും അവർ പറഞ്ഞു. രമേഷ് പിഷാരടിയുമായുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് ക്രിമിനൽ കുറ്റമാണെന്നും, ശ്വേത വീണ്ടും സംഘടനയിലേക്ക് വന്നാൽ താനടക്കം സംഘടനയിൽ ഉണ്ടാകില്ലെന്നും ഉഷ ഹസീന വ്യക്തമാക്കി.
ഇന്നലെയാണ് രമേഷ് പിഷാരടിയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നത്. അതേസമയം, സംഘടനയുമായി നിലനിൽക്കുന്ന തർക്കത്തിൽ ശ്വേത മേനോൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായാണ് വിവരം. ‘അമ്മ’യിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവിടാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അഞ്ചിലധികം ക്ലയന്റുകളിൽ നിന്ന് പണം വാങ്ങിയ കാര്യം തനിക്ക് അറിയാമെന്ന പരാമർശവും ശ്വേത ഓഡിയോയിൽ നടത്തിയിരുന്നു.
ഇതിനിടെ, ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു. താരസംഘടനയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഡിയോ ലീക്കായതല്ല, മനപ്പൂർവം പുറത്തുവിട്ടതാണെന്നും അതിന്റെ ശബ്ദത്തിന്റെ വ്യക്തത കേട്ടാൽ അത് മനസ്സിലാകുമെന്നും പിഷാരടി പറഞ്ഞു. സംഭവം തനിക്ക് വേദനയുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാൻ താത്പര്യമില്ലെന്നും, ശ്വേത ഉന്നയിച്ച അഴിമതി ആരോപണം ഇപ്പോൾ വെറും ആരോപണം മാത്രമാണെന്നും അത് ഉന്നയിച്ചവർ തന്നെ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു തന്റെ ശ്രമമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

