Home Top Storiesറാങ്ക് പട്ടിക വിവാദം: അംഗങ്ങളുടെ പ്രതിഷേധത്തിൽ പി.എസ്.സി ചെയർമാൻ ഒറ്റപ്പെട്ടു; ഒടുവിൽ വിജിലൻസ് എസ്‌പിക്ക് അന്വേഷണ ചുമതല

റാങ്ക് പട്ടിക വിവാദം: അംഗങ്ങളുടെ പ്രതിഷേധത്തിൽ പി.എസ്.സി ചെയർമാൻ ഒറ്റപ്പെട്ടു; ഒടുവിൽ വിജിലൻസ് എസ്‌പിക്ക് അന്വേഷണ ചുമതല

by news_desk1
0 comments

തിരുവനന്തപുരം: റാങ്ക് പട്ടിക വിവാദവുമായി ബന്ധപ്പെട്ട് ചേർന്ന പി.എസ്.സി യോഗത്തിൽ അംഗങ്ങളുടെ കടുത്ത വിമർശനത്തെ തുടർന്ന് ചെയർമാൻ ഒറ്റപ്പെട്ടു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അട്ടിമറി ശ്രമം നടന്നുവെന്ന ആരോപണമാണ് യോഗത്തിൽ ശക്തമായി ഉയർന്നത്.

പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ അന്വേഷണത്തിൽ ഇടപെടൽ ഉണ്ടായെന്നാണ് അംഗങ്ങൾ വിമർശിച്ചത്. പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം വേണമെന്ന ശുപാർശ ഉണ്ടായിരുന്നെങ്കിലും, ആ റിപ്പോർട്ട് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്.

യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ നിലവിൽ പി.എസ്.സി നിയമന തട്ടിപ്പ് കേസ് ആഭ്യന്തര വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്നും, പരീക്ഷാ കൺട്രോളർ നടത്തിയ അന്വേഷണം മരവിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു.

അന്വേഷണ ചുമതല പരീക്ഷാ കൺട്രോളർക്ക് നൽകിയതിനെതിരെ അംഗങ്ങൾ നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്‌പിക്ക് കൈമാറിയത്.

പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്നും, അതിൽ ഒന്നാം റാങ്ക് നേടിയ വ്യക്തിക്ക് നിയമനം ലഭിച്ചതുമാണ് വിവാദത്തിന് കാരണം. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗം റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.

ആദ്യം അന്വേഷണത്തിന് ആഭ്യന്തര വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തിയെന്നായിരുന്നു വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. പിന്നീട് അന്വേഷണ ചുമതല ചെയർമാൻ പരീക്ഷാ കൺട്രോളർക്ക് കൈമാറി. ആഭ്യന്തര വിജിലൻസ് ഓഫീസറുടെ ചുമതലയും പരീക്ഷാ കൺട്രോളർക്കാണെന്നായിരുന്നു ഇതിന് നൽകിയ വിശദീകരണം.

എന്നാൽ ഈ തീരുമാനത്തിനെതിരെ അംഗങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും അന്വേഷണത്തിൽ അട്ടിമറി നടക്കുന്നതായി ആരോപിക്കുകയും ചെയ്തു. ഇതോടെയാണ് പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ച് അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്‌പിക്ക് തന്നെ കൈമാറാൻ ചെയർമാൻ തീരുമാനിച്ചത്.

You may also like