Home Top Storiesകള്ളാടി മണ്ണിടിച്ചിൽ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായവും സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ദുരന്തത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു.

ദുരന്തത്തിന്റെ കാരണവും സുരക്ഷാ വീഴ്ചകളും സംബന്ധിച്ച് സാങ്കേതിക, നിയമപര തലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തസ്ഥലത്തിന് മുകളിലായി മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടായെന്ന പ്രാഥമിക റിപ്പോർട്ടുകളും പരിശോധിക്കും. അപകടസാധ്യതകൾ പൂർണമായി വിലയിരുത്തിയ ശേഷമേ നിലവിൽ നിർത്തിവച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട്–കള്ളാടി തുരങ്കപാതയുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കാണ് പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞുവീണത്. തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടു. തുരങ്കപാത നിർമാണത്തിനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് മതിലും ഇടിഞ്ഞുവീണിരുന്നു.

You may also like