Home Entertainmentവീണ്ടും ഗായികയായി അലംകൃത; ‘ഐ നോബഡി’യിലെ പുതിയ ഗാനം പുറത്തിറങ്ങി, അഭിമാനത്തോടെ പൃഥ്വിരാജ്

വീണ്ടും ഗായികയായി അലംകൃത; ‘ഐ നോബഡി’യിലെ പുതിയ ഗാനം പുറത്തിറങ്ങി, അഭിമാനത്തോടെ പൃഥ്വിരാജ്

by news_desk1
0 comments

കൊച്ചി: പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഐ നോബഡി എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. “സർക്കസ്” എന്ന ഗാനമാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ പൃഥ്വിരാജ് ആലപിച്ചിരിക്കുന്നത്. ഗാനം പുറത്തിറക്കിക്കൊണ്ട് മകൾക്ക് ആശംസകൾ നേർന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

“പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താൽപര്യങ്ങളെയും ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു. സംഗീതത്തിൽ നീ വളർത്തിയെടുത്ത അഭിനിവേശത്തിലും അർപ്പണബോധത്തിലും ഞങ്ങൾ അഭിമാനിക്കുന്നു. ഈ തീനാളം എന്നെന്നും കെടാതെ സൂക്ഷിക്കാൻ ഞങ്ങൾ പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ മനോഹരമായ ഗാനം അല്ലിയെ വിശ്വസിച്ച് ഏൽപ്പിക്കുകയും അവൾക്ക് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്ത ജേക്സ് അങ്കിളിന് നന്ദി,” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ സെബാ ടോമിയുടേതാണ്. ഇതിനുമുമ്പ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എമ്പുരാൻ എന്ന ചിത്രത്തിലും അലംകൃത ഗാനം ആലപിച്ചിരുന്നു.

നിരൂപകരുടെയും പ്രേക്ഷകരുടെയും മികച്ച പ്രതികരണം നേടിയ റോഷാക്ക് എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ നോബഡി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. പാർവതി അവതരിപ്പിക്കുന്ന മീരയും രണ്ട് പെൺമക്കളുമാണ് അദ്ദേഹത്തിന്റെ കുടുംബം. ഒരു ബാങ്ക് കവർച്ചയ്ക്ക് അബദ്ധത്തിൽ സാക്ഷിയാകുന്ന രാജീവന്റെ ജീവിതത്തിൽ പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. എന്ന് നിന്റെ മൊയ്തീൻ, കൂടെ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്.

വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് പ്രേക്ഷക പ്രതികരണം. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ്, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യു., ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിലുണ്ട്.

You may also like