വാഷിങ്ടൺ: ഇറാനുമേൽ വീണ്ടും നാവിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനി മുതൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും, ഈ നിമിഷം മുതൽ ഹോർമുസിന്റെ സംരക്ഷകരായി അമേരിക്ക അറിയപ്പെടുമെന്നും ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഹോർമുസിലൂടെ സഞ്ചരിക്കുന്ന ചരക്കുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവിനായി, അവയുടെ മൂല്യത്തിന്റെ 20 ശതമാനം അമേരിക്ക ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് നേരത്തെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആ അഭിമുഖം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
“ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണ്, അത് ഇനിയും തുറന്നിരിക്കും. ഇറാനുമേൽ ഞങ്ങൾ നാവിക ഉപരോധം പുനഃസ്ഥാപിക്കുന്നു. ഇത് ഇറാനിയൻ കപ്പലുകൾക്കും ഇറാനിലേക്ക് പ്രവേശിക്കാനോ അവിടെനിന്ന് പുറപ്പെടാനോ ഉദ്ദേശിക്കുന്ന കപ്പലുകൾക്കും ബാധകമായിരിക്കും. മറ്റ് എല്ലാ രാജ്യങ്ങൾക്കും ഹോർമുസ് ഉപയോഗിക്കാം. ഇനി മുതൽ അമേരിക്ക ഹോർമുസിന്റെ സംരക്ഷകനായി അറിയപ്പെടും. അതീവ സംഘർഷ മേഖലയിലെ സുരക്ഷാ ചെലവുകൾ നികത്തുന്നതിനായി എല്ലാ ചരക്കുകളുടെയും മൂല്യത്തിന്റെ 20 ശതമാനം അമേരിക്കയ്ക്ക് ലഭിക്കും,” എന്ന് ട്രംപ് കുറിച്ചു.
അതേസമയം, ട്രംപിന്റെ പ്രഖ്യാപനം ഇറാൻ തള്ളി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ അമേരിക്കയ്ക്ക് ഒരു പങ്കും അനുവദിക്കില്ലെന്ന് ഇറാന്റെ ഉന്നത സൈനിക നേതൃത്വം വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ കടലിടുക്കിൽ അമേരിക്ക ഇടപെടാൻ നടത്തുന്ന ഏത് ശ്രമവും ശക്തമായി നേരിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

