Home Kerala‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ; ഒരു മാസത്തിൽ 65 കോടി നഷ്ടമെന്ന് ഉടമകൾ, 500-ലധികം സർവീസുകൾ നിർത്തിയതായി ആരോപണം

‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ; ഒരു മാസത്തിൽ 65 കോടി നഷ്ടമെന്ന് ഉടമകൾ, 500-ലധികം സർവീസുകൾ നിർത്തിയതായി ആരോപണം

by news_desk1
0 comments

പാലക്കാട്: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. പദ്ധതി ആരംഭിച്ച ശേഷം ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നും അവർ ആരോപിച്ചു. നിലവിൽ സർവീസ് നടത്തുന്ന ബസുകളിൽ പലതും മുഴുവൻ ട്രിപ്പുകളും നടത്താൻ കഴിയാത്ത സാഹചര്യത്തിലാണെന്നും ഉടമകൾ വ്യക്തമാക്കി.

സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോൺ കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഓഫീസിലായിരുന്നു യോഗം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകൾ വൻ സാമ്പത്തിക പ്രതിസന്ധിയിലായെന്ന പരാതിയെ തുടർന്നാണ് ചർച്ച നടന്നത്.

സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് അതിന്റെ ടിക്കറ്റ് തുക സർക്കാർ നൽകണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ടുവച്ചു.

ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം സൂചനാ പണിമുടക്കിലേക്ക് കടക്കുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ചതായി അവർ ചൂണ്ടിക്കാട്ടി. സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗങ്ങൾ തേടണമെന്നായിരുന്നു വിഷയത്തിൽ ഗതാഗത മന്ത്രിയുടെ പ്രതികരണം.

ഇതിനിടെ, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രത്യാഘാതങ്ങൾ പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുൻ ഗതാഗത കമ്മിഷണർ കെ. പദ്മകുമാർ അധ്യക്ഷനായ അഞ്ചംഗ സമിതി ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും.

നാറ്റ്പാക്ക് മുൻ ഡയറക്ടർ ബി.ജി. ശ്രീദേവി, ട്രാൻസ്‌പോർട്ട് അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. മനോജ് കുമാർ, നാറ്റ്പാക്ക് ശാസ്ത്രജ്ഞൻ ഡോ. സജ്ജയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

You may also like