Home Keralaശബരിമല തന്ത്രി പദവിയിലേക്ക് കണ്ഠരർ ബ്രഹ്മദത്തൻ; തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ്

ശബരിമല തന്ത്രി പദവിയിലേക്ക് കണ്ഠരർ ബ്രഹ്മദത്തൻ; തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ്

by news_desk1
0 comments

പത്തനംതിട്ട: കണ്ഠരർ രാജീവരുടെ മകൻ കണ്ഠരർ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള തീരുമാനം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. നിലവിലെ തന്ത്രി കണ്ഠരർ രാജീവരുടെ ആവശ്യം അംഗീകരിക്കാനാണ് ബോർഡിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടതെന്നാണ് വിവരം. താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നും ബോർഡ് കോടതിയെ അറിയിക്കും. വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് എടുക്കുക.

ശബരിമല തന്ത്രി സ്ഥാനത്തേക്ക് ബ്രഹ്മദത്തൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. ബ്രഹ്മദത്തനെ തന്ത്രിയാക്കുന്നതിൽ ബോർഡിന് എതിർപ്പില്ലെന്നും, കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കോടതിയുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. താഴമൺ കുടുംബത്തെ അപകീർത്തിപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കോടതിയുടേതായിരിക്കുമെന്ന് ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാർ പറഞ്ഞു. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കണ്ഠരർ രാജീവർ രണ്ട് കേസുകളിൽ പ്രതിയാണെന്നും, താഴമൺ കുടുംബത്തെ മാറ്റണമോയെന്നത് കൂട്ടായ തീരുമാനം ആവശ്യമുള്ള വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരർ രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. പകരം മകൻ കണ്ഠരർ ബ്രഹ്മദത്തനെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതോടെയാണ് ഈ നീക്കം ശ്രദ്ധേയമായത്.

ഇതിനിടെ, താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ശബരിമല അയ്യപ്പക്ഷേത്രത്തിനും കോടിക്കണക്കിന് ഭക്തർക്കും അപമാനമുണ്ടാക്കിയ കുടുംബമാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

ശബരിമല മേൽശാന്തി നറുക്കെടുപ്പിൽ നിന്ന് കണ്ഠരർ രാജീവരെ ഒഴിവാക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. അഭിമുഖത്തിനായി അദ്ദേഹത്തെ വിളിക്കില്ലെന്ന് ബോർഡ് പ്രസിഡന്റ് അറിയിച്ചിരുന്നു. ശബരിമല തന്ത്രിയെ മാറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പൂർണ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവർമ്മയും പ്രതികരിച്ചു. യോഗ്യതയുള്ളവരെ തന്ത്രിയായി നിയമിക്കാനുള്ള അധികാരം ബോർഡിനുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ദേവസ്വം മന്ത്രിക്ക് കത്തും നൽകിയിരുന്നു.

You may also like