പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച വാദം ഇന്ന് പൂർത്തിയായി. പ്രതിയായ ചെന്താമരയെ നാളെ ഓൺലൈനായി ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കൃത്യം നടന്നതിന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകൾ 103(1), 126(2) എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ “തൂക്കിക്കൊന്നോളൂ” എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
വിധിപ്രസ്താവനയ്ക്കായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും മുഴക്കിയിരുന്നു. ആവശ്യമെങ്കിൽ മറ്റുള്ളവരെയും കൊല്ലുമെന്നായിരുന്നു ഇയാളുടെ പരാമർശം. “ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല”, “എഴുതാൻ പറ്റുന്നതെല്ലാം എഴുതിക്കോളൂ” എന്നും ജഡ്ജിയോട് പറഞ്ഞിരുന്നു. തടസ്സം നിന്നാൽ ഇങ്ങനെയായിരിക്കും തന്റെ പെരുമാറ്റമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് കോടതിയിൽ പരാമർശിച്ചപ്പോൾ, “എനിക്ക് പ്രശ്നമുണ്ടെന്ന് ആരാണ് പറഞ്ഞത്?” എന്നായിരുന്നു പ്രതിയുടെ മറുപടി. ഇനിയും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതിക്ക് ലഭിച്ചിരുന്നു. അതിനോട് പ്രതികരിച്ച ചെന്താമര, താൻ ഇതുവരെ ജാമ്യം പോലും വാങ്ങിയിട്ടില്ലെന്നും, “ഞാൻ ആയിട്ട് പോവില്ല, ആരേലും വന്നാൽ വിടില്ല” എന്നും കോടതിയിൽ പറഞ്ഞു.
പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും (56) അമ്മ ലക്ഷ്മിയെയും (75) കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിക്കാൻ ഒരുങ്ങുന്നത്. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-4ൽ ജൂൺ 30ന് പൂർത്തിയായിരുന്നു.
2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2019ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ ഇരട്ടക്കൊല നടത്തിയത്. സജിത വധക്കേസിലും ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

