Home Businessഎഥനോൾ വിവാദം; നിതിൻ ഗഡ്കരിക്കെതിരെ അപകീർത്തി പ്രചാരണമെന്ന ആരോപണം, നാല് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കെതിരെ കേസ്

എഥനോൾ വിവാദം; നിതിൻ ഗഡ്കരിക്കെതിരെ അപകീർത്തി പ്രചാരണമെന്ന ആരോപണം, നാല് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കെതിരെ കേസ്

by news_desk1
0 comments

മുംബൈ: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ ഇന്ധനമായ ഇ20 (E20) സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ പ്രമുഖ യൂട്യൂബർ മനീഷ് കശ്യപ് ഉൾപ്പെടെ നാല് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എഥനോൾ ഇന്ധനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കുകയും യാതൊരു അടിസ്ഥാനവുമില്ലാതെ ഗഡ്കരിയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. നാഗ്പൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബിഹാറിൽ നിന്നുള്ള യൂട്യൂബറായ മനീഷ് കശ്യപിനൊപ്പം ദേശി ബോയ്‌സ് എൻസിആർ, ഹർഷിത് രതി, അങ്ക്‌ലേഷ് ഇൻവാട്ടെ എന്നിവർക്കുമെതിരെയാണ് എഫ്‌ഐആർ. എഥനോൾ ഉപയോഗവുമായി ബന്ധപ്പെട്ട് വൻതോതിലുള്ള തട്ടിപ്പുകളും വ്യാജ ഇടപാടുകളും നടക്കുന്നുവെന്ന് ആരോപിച്ച് ഇവർ യൂട്യൂബ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വിവാദ വീഡിയോകൾ പ്രചരിപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു. എഥനോൾ നയത്തിന്റെ മറവിൽ നിയമലംഘനം നടക്കുന്നുവെന്ന തരത്തിൽ തെറ്റായ ധാരണ സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നും, ഗഡ്കരിയുടെ എഥനോൾ നയങ്ങളെ മനഃപൂർവം വളച്ചൊടിച്ചാണ് അവതരിപ്പിച്ചതെന്നും പൊലീസ് ആരോപിക്കുന്നു.

നാഗ്പൂരിലെ ബിജെപി സോഷ്യൽ മീഡിയ സെൽ മേധാവി ശിശിർ ത്രിപാഠി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് ആസൂത്രിതമായ അപകീർത്തി പ്രചാരണമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വീഡിയോകൾക്ക് വിശ്വാസ്യത നൽകുന്നതിനായി സാധാരണക്കാരുമായി നടത്തിയ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അഭിമുഖങ്ങളും ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു. ഗഡ്കരിയുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിച്ഛായ തകർക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിലെ സൗഹാർദ്ദം തകർക്കാനും ശ്രമിച്ചുവെന്നുമാണ് ആരോപണം.

സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർ പ്രചരിപ്പിച്ച വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സൈബർ പൊലീസ് അറിയിച്ചു. വീഡിയോകളുടെ ഉറവിടവും ഇതിന് പിന്നിലെ ഗൂഢാലോചനയും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി

You may also like