Home Keralaസി.എൻ.ജി ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; ലോറി മറിഞ്ഞു, 9 പേർക്ക് പരിക്ക്; വൻ ദുരന്തം ഒഴിവായി

സി.എൻ.ജി ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; ലോറി മറിഞ്ഞു, 9 പേർക്ക് പരിക്ക്; വൻ ദുരന്തം ഒഴിവായി

by news_desk1
0 comments

പാലക്കാട്: വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം സി.എൻ.ജി ലോറിയും ദീർഘദൂര സർവീസ് ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒരു മണിയോടെയുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർക്കും സഹായിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്.

വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡ് വഴി വരികയായിരുന്നു ദീർഘദൂര സർവീസ് ബസ്. അതേസമയം, കെ.എസ്.ആർ.ടി.സി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന സി.എൻ.ജി ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്.

വാഹനങ്ങൾക്ക് ഇന്ധനമായി ഉപയോഗിക്കുന്ന സി.എൻ.ജി നിറച്ച ഏകദേശം 40 സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ സിലിണ്ടറുകളിൽ നിന്ന് വാതകം ഉഗ്രശബ്ദത്തോടെ പുറത്തേക്ക് പുറന്തള്ളുകയായിരുന്നു. ഈ സമയത്താണ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റത്. യാത്രക്കാർക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

വടക്കഞ്ചേരി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി സി.എൻ.ജി വാതകം നിർവീര്യമാക്കി. ഹൈവേ പൊലീസും വടക്കഞ്ചേരി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്താണ് ‘കോൾഡ് ബേൺസ്’?

അപകടത്തിൽ തീപിടിത്തമുണ്ടായില്ലെങ്കിലും സി.എൻ.ജി വാതകത്തിന്റെ അതിവേഗ പുറന്തള്ളലാണ് പൊള്ളലിന് കാരണമായത്. ഇതിനെ കോൾഡ് ബേൺസ് (Cold Burns) അഥവാ ഫ്രോസ്റ്റ് ബൈറ്റ് എന്നാണ് വിളിക്കുന്നത്.

സി.എൻ.ജി വളരെ ഉയർന്ന മർദ്ദത്തിലാണ് സിലിണ്ടറുകളിൽ സൂക്ഷിക്കുന്നത്. ലീക്ക് സംഭവിക്കുകയോ വാതകം അതിവേഗം പുറത്തേക്ക് വരികയോ ചെയ്യുമ്പോൾ അത് അതിവേഗം വികസിക്കുന്നതിനാൽ താപനില പൂജ്യത്തിനും താഴെയായി കുറയുന്നു. ഈ അവസ്ഥയിൽ വാതകവുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ ചർമ്മത്തിലെ കോശങ്ങൾ ഉടൻ ഉറഞ്ഞുപോകുകയും തീപ്പൊള്ളലിന് സമാനമായ രീതിയിൽ പരിക്കേൽക്കുകയും ചെയ്യും.

സി.എൻ.ജി ലീക്ക് ഉണ്ടായാൽ വാതകം നേരിട്ട് തൊടാനോ ശ്വസിക്കാനോ ശ്രമിക്കരുതെന്നും, തീപ്പൊള്ളലിനോട് സമാനമായ ഗുരുതര പരിക്കുകൾക്ക് ഇത് കാരണമാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

You may also like