ന്യൂയോർക്ക്: ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാൻ കൂട്ടാക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അർജന്റീനയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായ സ്പെയിൻ താരങ്ങൾക്കൊപ്പം ഫോട്ടോ ഫ്രെയിമിൽ തുടരാൻ ട്രംപ് ശ്രമിച്ചതാണ് വേദിയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായത്. ഒടുവിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരിട്ട് ഇടപെട്ടാണ് ട്രംപിനെ സ്റ്റേജിൽ നിന്ന് മാറ്റിനിർത്തിയത്.
സ്പെയിൻ നായകൻ റോഡ്രിക്ക് ജിയാനി ഇൻഫാന്റിനോക്കൊപ്പം ചേർന്ന് ട്രോഫി കൈമാറിയതിന് ശേഷമായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സാധാരണയായി ഔദ്യോഗിക അതിഥികൾ ട്രോഫി കൈമാറിയ ശേഷം ടീമുകൾക്ക് കിരീടനേട്ടം ആഘോഷിക്കാനായി വേദിയിൽ നിന്നും മാറിനിൽക്കുകയാണ് പതിവ്. എന്നാൽ റോഡ്രിക്ക് ട്രോഫി നൽകിയ ശേഷം എല്ലാവർക്കും ഹസ്തദാനം നൽകി ട്രംപ് സ്പാനിഷ് താരങ്ങളുടെ തൊട്ടടുത്തുതന്നെ നിൽക്കുകയായിരുന്നു.
റോഡ്രിയുടെ ആംഗ്യവും ഇൻഫാന്റിനോയുടെ ഇടപെടലും
താരങ്ങൾക്കൊപ്പം ട്രംപ് തുടരുന്നത് കിരീടം ഉയർത്തിയുള്ള ടീമിന്റെ ആഘോഷ ചിത്രത്തിന് തടസ്സമാകുമെന്ന് കണ്ടതോടെ സ്പെയിൻ ക്യാപ്റ്റൻ റോഡ്രി അൽപം അസ്വസ്ഥനായി. ട്രംപിനോട് മാറിനിൽക്കാൻ അദ്ദേഹം ആംഗ്യം കാണിക്കുകയും ചെറുതായി തള്ളിനീക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും ട്രംപ് അനങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തന്നെ നേരിട്ട് രംഗത്തിറങ്ങി. ട്രംപിന്റെ കൈയിൽ പിടിച്ച് അദ്ദേഹം വേദിയുടെ ഒരു കോണിലേക്ക് മാറ്റിനിർത്തുകയായിരുന്നു. എന്നാൽ അപ്പോഴും സ്റ്റേജിന് പുറത്തു പോകാൻ തയ്യാറാകാതെ, ഏറ്റവും അവസാനത്തെ സ്പാനിഷ് താരത്തിന്റെ തൊട്ടടുത്തുതന്നെ ട്രംപ് നിലയുറപ്പിച്ചു.
കാണികളുടെ കൂവലും റൊമേറോയുടെ ഒഴിഞ്ഞുമാറലും
സമ്മാനദാന ചടങ്ങിനായി ഡോണൾഡ് ട്രംപും ഫിഫ മേധാവി ഇൻഫാന്റിനോയും മൈതാനത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ 80,000-ത്തോളം വരുന്ന കാണികൾ ശക്തമായ കൂവലോടെയാണ് എതിരേറ്റത്. മത്സരത്തിലുടനീളം വി.ഐ.പി ബോക്സിൽ ഇൻഫാന്റിനോയ്ക്കും പ്രഥമ വനിത മെലാനിയ ട്രംപിനുമൊപ്പമാണ് ട്രംപ് കളി കണ്ടത്.
ഇതിനിടെ, മത്സരശേഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച മറ്റൊരു വീഡിയോയും വൻ ചർച്ചയായിട്ടുണ്ട്. അർജന്റീനയുടെ പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോ ട്രംപിന് കൈ കൊടുക്കാൻ കൂട്ടാക്കാതെ ഒഴിഞ്ഞുമാറിയ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ ചെൽസി കിരീടം നേടിയപ്പോഴും കിരീടം കൈമാറിയ ശേഷം ട്രംപ് സമാനമായ രീതിയിൽ സ്റ്റേജിൽ നിന്ന് മാറാതെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതാണിപ്പോൾ ലോകകപ്പ് സമ്മാനദാനച്ചടങ്ങിലും ആവർത്തിക്കപ്പെട്ടിരിക്കുന്നത്.
