ന്യൂഡൽഹി: സിജെപി പാർലമെന്റ് മാർച്ചിനിടെ ഡൽഹിയിൽ സംഘർഷം രൂക്ഷമായി. ജന്തർ മന്തറിലെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കുകയും പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിക്കുകയും ചെയ്തു. സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടന്നു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. നിലവിൽ അഭിജീത്ത് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കൾ കേരള ഹൗസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.
അതേസമയം, സിജെപി നേതാക്കളുമായി കേന്ദ്രമന്ത്രി ജെ.പി. നദ്ദ ചർച്ച നടത്തി. രണ്ട് മണിക്കൂർ കാത്തിരിപ്പിന് ശേഷം നടന്ന പത്ത് മിനിറ്റ് കൂടിക്കാഴ്ചയിൽ മൂന്ന് ആവശ്യങ്ങൾ അടങ്ങിയ നിവേദനം കൈമാറി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, സോനം വാങ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
വിഷയം പാർലമെന്റിന്റെ ഇരു സഭകളിലും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. രാജ്യത്തെ യുവാക്കളെ കേന്ദ്രസർക്കാർ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ രാജ്യസഭയിൽ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭയിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നതിനെ തുടർന്ന് സഭ മൂന്ന് മണിവരെ നിർത്തിവച്ചു. വിവിധ പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ സമരവേദിയിലെത്തി പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരവേദിയിലെത്തിയ സമാജ്‌വാദി പാർട്ടി എംപി ധർമേന്ദ്ര യാദവ് പറഞ്ഞു.
ഇതിനിടെ വിഷയത്തിൽ പാർലമെന്റിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുതിർന്ന മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. ധർമേന്ദ്ര പ്രധാന് മേൽ രാജി സമ്മർദം ശക്തമായെന്നാണ് വിവരം. തുടർന്ന് അമിത് ഷാ ധർമേന്ദ്ര പ്രധാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സഫ്ദർജംഗ് ആശുപത്രിയിൽ കഴിയുന്ന സോനം വാങ്ചുക്ക് ആശുപത്രി വിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് സ്വന്തം കൈപ്പടയിൽ കത്ത് നൽകി. തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രിയിൽ തുടരുന്നത് നിയമവിരുദ്ധ തടങ്കലാണെന്നും അദ്ദേഹം ആരോപിച്ചു.
നിരാഹാര സമരം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളും സോനം വാങ്ചുക്ക് മുന്നോട്ടുവച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കുക, വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഷ്ട്രീയ നേതാക്കൾ ഉറപ്പ് നൽകുക, ഇന്നത്തെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ആശുപത്രിയിലെത്തി ഈ ആവശ്യങ്ങളിൽ ഉറപ്പ് നൽകുക എന്നീ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമവിരുദ്ധ തടങ്കലിലൂടെ തന്റെ സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ആശയവിനിമയ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും കത്തിൽ സോനം വാങ്ചുക്ക് ആരോപിച്ചു.

