Home Keralaആലപ്പുഴ നവകേരള യാത്ര മർദ്ദനക്കേസ്: ഗൺമാൻമാരുടെ ജാമ്യം റദ്ദാക്കണം; സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ആലപ്പുഴ നവകേരള യാത്ര മർദ്ദനക്കേസ്: ഗൺമാൻമാരുടെ ജാമ്യം റദ്ദാക്കണം; സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

by news_desk1
0 comments

കൊച്ചി: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ ജില്ലാ കോടതിയുടെ ഉത്തരവ് അന്വേഷണത്തെ സ്തംഭിപ്പിച്ചുവെന്നാണ് സർക്കാരിന്റെ വാദം. വസ്തുതാവിരുദ്ധമായ നിരീക്ഷണങ്ങളാണ് ഉത്തരവിലുള്ളതെന്നും ഗൺമാൻമാർക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

മർദ്ദനത്തിന് ഉപയോഗിച്ച വടി ഹാജരാക്കിയെന്ന പരാമർശം സെഷൻസ് കോടതി ഉത്തരവിലുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ആ വടി തങ്ങളുടേതല്ലെന്ന് പ്രതികൾ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മാത്രമാണ് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. പ്രതികൾ വിവിധ ജില്ലകളിൽ നിന്നുള്ളവരായതിനാൽ ഇത്തരമൊരു സമയപരിധി അന്വേഷണത്തെ ബാധിക്കുന്നുവെന്നും സർക്കാർ വാദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കാൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഓഗസ്റ്റ് 10-ലേക്ക് മാറ്റി.

2023 ഡിസംബറിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന നവകേരള യാത്രയ്ക്കിടെയാണ് ആലപ്പുഴയിൽ സംഭവം ഉണ്ടായത്. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിച്ചെന്നാണ് കേസ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചതെന്ന ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു.

You may also like