Home Keralaനിതിൻ രാജിൻ്റെ മരണക്കേസ്: അന്വേഷണത്തിന് പുതിയ സംഘം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

നിതിൻ രാജിൻ്റെ മരണക്കേസ്: അന്വേഷണത്തിന് പുതിയ സംഘം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

by news_desk1
0 comments

തിരുവനന്തപുരം: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണ സംഘം പ്രവർത്തിക്കുക. നിലവിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റാനും തീരുമാനമായി.

അതേസമയം, കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ വിട്ടയച്ചത് പൊലീസും പ്രതിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് നിതിൻ രാജിന്റെ സഹോദരി രാഖി ആരോപിച്ചു.

ഹൈക്കോടതി ഇടപെട്ടതുകൊണ്ടാണ് അറസ്റ്റ് നടന്നതെന്നും, അല്ലാത്തപക്ഷം പ്രതിയെ അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്നും രാഖി പറഞ്ഞു. ജനങ്ങളെ ബോധിപ്പിക്കാനായി നടത്തിയ അറസ്റ്റിന്റെ നാടകമാണിതെന്നും അവർ ആരോപിച്ചു. സുപ്രീം കോടതി വരെ എത്തിയ കേസിൽ പ്രതിക്ക് അനുകൂലമായ രീതിയിൽ സൗകര്യം ചെയ്ത് നൽകിയെന്നും, പ്രതിയുടെ കുടുംബാംഗങ്ങൾ വരെ അവിടെ ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പൊലീസ് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്ലെന്നും രാഖി ആരോപിച്ചു. പുതിയ അന്വേഷണ സംഘത്തിൽ പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.

ഡോ. എം.കെ. റാമിനെ കോടതി വിട്ടയച്ചത് ക്രൈംബ്രാഞ്ചിന്റെ ഗുരുതര വീഴ്ച മൂലമാണെന്ന ആരോപണവും ഉയർന്നിരുന്നു. അറസ്റ്റ് ചെയ്യാനുള്ള കാരണം രേഖാമൂലം പ്രതിയെ അറിയിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് ആരോപണം. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കുന്നതിലും വൈകിയതായും വിമർശനമുണ്ട്.

ഈ സാഹചര്യത്തിൽ തുടർനടപടികളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി നടപടികൾ സ്വീകരിക്കുക.

നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു ഡോ. റാമിന്റെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അദ്ദേഹത്തെ വിട്ടയച്ചത്. എന്നാൽ കോടതി വിട്ടയച്ചതിന് പിന്നാലെ കോടതി വളപ്പിൽ നിന്നുതന്നെ ക്രൈംബ്രാഞ്ച് വീണ്ടും ഡോ. റാമിനെ കസ്റ്റഡിയിൽ എടുത്തു.

ക്രൈംബ്രാഞ്ചിന്റെ നടപടി നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ പ്രതികരിച്ചു. അറസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ വിട്ടയച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

You may also like