ഷൊർണൂർ: ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇയ്ക്ക് മർദനമേറ്റെന്ന പരാതിയിൽ അന്വേഷണം. പട്ടിത്തറ സ്വദേശിനി ശ്രുതി (30)ക്കെതിരെയാണ് പാലക്കാട് ഡിവിഷനിലെ ഷൊർണൂർ ടീമിലെ ടിടിഇ എസ്. സുജിത് (38) പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും ടിടിഇയ്‌ക്കെതിരെ ഷൊർണൂർ റെയിൽവേ പൊലീസിൽ മറുപരാതി നൽകിയിട്ടുണ്ട്.
മംഗളൂരു–തിരുവനന്തപുരം എക്‌സ്പ്രസിൽ ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുമായി ബന്ധപ്പെട്ടാണ് സംഭവം. തിങ്കളാഴ്ച രാത്രി ഏഴരയോടെ ഫറോക്ക് സ്റ്റേഷനിൽ നിന്നാണ് സംഭവം ആരംഭിച്ചതെന്നാണ് പരാതി.
ഫറോക്കിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ജനറൽ ടിക്കറ്റെടുത്ത യുവതി റിസർവേഷൻ കോച്ചിൽ ഇരിക്കുകയായിരുന്നുവെന്ന് ടിടിഇയുടെ പരാതിയിൽ പറയുന്നു. പരിശോധനയ്ക്കിടെ ടിക്കറ്റ് പരിശോധിച്ച ടിടിഇ, ഇത് റിസർവേഷൻ കോച്ചാണെന്നും ജനറൽ കോച്ചിലേക്ക് മാറി ഇരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് വാക്കുതർക്കമുണ്ടായെന്നും തുടർന്ന് യുവതി തന്നെ മർദിച്ചുവെന്നുമാണ് ടിടിഇയുടെ ആരോപണം.
ജോലി തടസ്സപ്പെടുത്തുകയും മുഖത്ത് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടിടിഇ ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പരിക്കേറ്റ ടിടിഇയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതിയും ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
