Home Entertainmentവിസ്മയയിൽ നിന്ന് ദുൽഖറിലേക്കും ടൊവിനോയിലേക്കും; വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മലയാള സിനിമാ യുവത്വം

വിസ്മയയിൽ നിന്ന് ദുൽഖറിലേക്കും ടൊവിനോയിലേക്കും; വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മലയാള സിനിമാ യുവത്വം

by news_desk1
0 comments

കൊച്ചി: രാഷ്ട്രീയ വിഷയങ്ങളിൽ പൊതുവെ സമദൂരം പാലിക്കുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി, ദില്ലിയിൽ സിജെപി നടത്തുന്ന വിദ്യാർഥി സമരത്തിന് പിന്തുണയുമായി മലയാള സിനിമാ മേഖലയിലെ നിരവധി യുവതാരങ്ങൾ രംഗത്തെത്തി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് നടക്കുന്ന സമരത്തിന് സിനിമാ മേഖലയിലെ പിന്തുണ കേരളത്തിലും ചർച്ചയാകുകയാണ്.

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലാണ് സമരത്തെ പിന്തുണച്ച് ആദ്യമായി പ്രതികരിച്ച പ്രമുഖരിലൊരാൾ. തുടർന്ന് ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. സമരത്തെ പിന്തുണച്ച് ദുൽഖർ സൽമാൻ സമൂഹമാധ്യമത്തിൽ വിദ്യാർഥികളുടെ ശബ്ദം കേൾക്കണമെന്ന് കുറിച്ചു.

കൊച്ചിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസിൽ നടൻ ജോജു ജോർജ്, സംവിധായകരായ മഹേഷ് നാരായണൻ, ആഷിഖ് അബു, അവതാരക രഞ്ജിനി ഹരിദാസ്, ഗായിക രശ്മി സതീഷ് എന്നിവരും പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ കൃത്യമായ നിലപാടുകളും അവർ പങ്കുവെച്ചു.

അതേസമയം, സമരത്തെ പിന്തുണച്ച താരങ്ങൾക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വസതിക്ക് മുന്നിൽ യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചു. വിസ്മയ മോഹൻലാലിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക സൈബർ ആക്രമണവും നടന്നതായി റിപ്പോർട്ടുകളുണ്ട്.

ദില്ലിയിൽ സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നതിനിടെ, സമീപകാലത്ത് മറ്റൊരു വിദ്യാർഥി സമരത്തിനും ലഭിക്കാത്ത പിന്തുണയാണ് മലയാള സിനിമാ മേഖലയിലെ നിരവധി പ്രമുഖരിൽ നിന്ന് ലഭിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ദിവസങ്ങളായി നിരവധി താരങ്ങളുടെ സമൂഹമാധ്യമ പേജുകളിലും സമരവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും ഐക്യദാർഢ്യ സന്ദേശങ്ങളും നിറയുകയാണ്.

കൊച്ചി മഹാരാജാസ് കോളേജിൽ നടന്ന ഐക്യദാർഢ്യ പരിപാടിയിൽ എഴുത്തുകാരൻ എൻ.എസ്. മാധവൻ, ജോജു ജോർജ്, മഹേഷ് നാരായണൻ, ആഷിഖ് അബു തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പനമ്പിള്ളി നഗറിൽ നടന്ന പരിപാടിയിൽ വേടനും സംഘവും ഗാനങ്ങളിലൂടെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. രഞ്ജിനി ഹരിദാസ് സമരത്തിൽ നേരിട്ട് പങ്കെടുത്തു. പാർവതി തിരുവോത്തും സമരത്തോട് ഐക്യദാർഢ്യം രേഖപ്പെടുത്തി.

തിരുവനന്തപുരം മാനവീയം വീഥിയിലും വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് അണിനിരന്നു. വരും ദിവസങ്ങളിൽ കൂടുതൽ സിനിമാ താരങ്ങൾ പിന്തുണയുമായി എത്തുമെന്നും വിവിധ ഭാഗങ്ങളിൽ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

You may also like