കൊച്ചി: നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും നടനുമായ മേജർ രവി. നീറ്റ് പരീക്ഷയെക്കുറിച്ച് കൃത്യമായ ധാരണയോ അറിവോ ഇല്ലാത്തവരാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിഷയത്തിൽ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ നടത്തിയ പ്രതികരണത്തെക്കുറിച്ചും മേജർ രവി പരാമർശിച്ചു. വിസ്മയയുടെ പ്രതികരണം സി.ജെ.പിക്ക് (CJP) ഉള്ള പിന്തുണയല്ലെന്നും, വിസ്മയയ്ക്ക് ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയപരമായ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തെക്കുറിച്ച് കേട്ടപ്പോൾ വൈകാരികമായി പോസ്റ്റ് ഇട്ടത് മാത്രമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാർക്കെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. “ഇന്ത്യയിൽ പാർലമെന്റ് ആക്രമണം നടത്താൻ പോകാൻ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല. എന്നിട്ടും അവിടെ പോയി പൊലീസിന്റെ വണ്ടി തകർക്കുകയും പെപ്പർ സ്പ്രേ അടിക്കുകയും ചെയ്താൽ തിരിച്ചുതല്ല് കിട്ടും. അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ല. നന്നായി വളർത്തിയെടുത്ത ഒരു പെൺകുട്ടിയും ആൺകുട്ടിയും ഇങ്ങനെയുള്ള സമരത്തിന് പോകില്ല. സി.ബി.എസ്.ഇയുടെയോ (CBSE) നീറ്റിന്റെയോ ഫുൾ ഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്,” മേജർ രവി പറഞ്ഞു.
സമരരംഗത്ത് ഉയരുന്ന മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിന്റെ പിന്നിലെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം മനസ്സിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നീറ്റ് വിഷയത്തേക്കാൾ ഉപരി ‘മോദിയെ പുറത്താക്കുക’, ‘ഉമർ ഖാലിദിനെയും ഷെർജീൽ ഇമാമിനെയും മോചിപ്പിക്കുക’, ‘ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക’ തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ് സമരത്തിൽ ഉയരുന്നത്. ചോദ്യപേപ്പർ ചോർച്ച ഇന്നും ഇന്നലെയുമുണ്ടായതല്ലെന്നും, കോൺഗ്രസ് ഭരണകാലത്ത് എത്രയോ ചോദ്യപ്പേപ്പറുകൾ ചോർന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദേശ ശക്തികളുടെ കയ്യിൽ നിന്ന് പണം വാങ്ങി സ്വന്തം രാജ്യത്തിനെ ഒറ്റുകൊടുക്കുന്ന പണി അവസാനിപ്പിച്ച്, രാജ്യത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിൽ കുട്ടികൾക്ക് അടികൊള്ളുന്നത് കണ്ടപ്പോൾ ആദ്യം വിഷമം തോന്നിയിരുന്നുവെങ്കിലും പിന്നീട് നോക്കിയപ്പോൾ സമരത്തിൽ കുട്ടികളെയല്ല മറിച്ച് മറ്റ് താൽപ്പര്യങ്ങളുള്ള ‘കുട്ടന്മാരെയാണ്’ കണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. യു.എസിൽ ഇരുന്നാണ് ഈ സമരത്തിന് തുടക്കമിട്ടതെന്നും ഇതിനുപിന്നിൽ യു.എസ് ഫണ്ടിംഗും ജോർജ് സോറോസിനെപ്പോലുള്ളവരുടെ വിദേശ സഹായവും ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചനയുമാണെന്നും മേജർ രവി ആരോപിച്ചു.
