കൊച്ചി: യൂബർ ആപ്പ് പൂർണമായി ബഹിഷ്‌കരിക്കാൻ ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ തീരുമാനിച്ചു. ഇന്ന് മുതൽ മറ്റ് ആപ്പുകൾ ഉപയോഗിച്ചാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. മാനേജ്‌മെന്റുമായി ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.
ന്യായമായ അടിസ്ഥാന നിരക്കുകൾ ഉറപ്പാക്കുക, ഡ്രൈവർ സൗഹൃദ നിലപാട് സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച് കൊച്ചിയിൽ ഇന്നലെ മാനേജ്‌മെന്റുമായി ചർച്ച നടന്നെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.
ചർച്ച പരാജയപ്പെട്ടതോടെയാണ് യൂബർ ആപ്പ് പൂർണമായി ബഹിഷ്‌കരിക്കാൻ ഡ്രൈവർമാർ തീരുമാനിച്ചത്.
ഇനി മുതൽ റാപ്പിഡോ, ഒല എന്നിവ ഉൾപ്പെടെയുള്ള മറ്റ് ആപ്പുകൾ ഉപയോഗിച്ചായിരിക്കും സർവീസുകൾ നടത്തുക. സംസ്ഥാന സർക്കാരിന്റെ കേരള സവാരി ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളും കൂടുതൽ പ്രയോജനപ്പെടുത്താനാണ് ഡ്രൈവർമാരുടെ തീരുമാനം.
യൂബർ ഉയർന്ന കമ്മീഷൻ ഈടാക്കുന്നതാണ് പ്രധാന പ്രശ്നമെന്നാണ് ഡ്രൈവർമാരുടെ ആരോപണം.
നാളെ നടക്കാനിരിക്കുന്ന ചർച്ചയ്ക്ക് ശേഷമാകും ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ തുടർനടപടികൾ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.
