Home Localഹോസ്റ്റലുകളിലേക്ക് കൊറിയറിൽ ലഹരി; തമ്പാനൂരിലേക്ക് അയയ്ക്കുന്നതിനിടെ തൃശ്ശൂരിൽ ജിം ഉടമയുൾപ്പെടെ രണ്ട് പേർ പിടിയിൽ

ഹോസ്റ്റലുകളിലേക്ക് കൊറിയറിൽ ലഹരി; തമ്പാനൂരിലേക്ക് അയയ്ക്കുന്നതിനിടെ തൃശ്ശൂരിൽ ജിം ഉടമയുൾപ്പെടെ രണ്ട് പേർ പിടിയിൽ

by news_desk1
0 comments

തൃശ്ശൂർ: കൊറിയർ സർവീസ് ഉപയോഗിച്ച് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയ കേസിൽ തൃശ്ശൂരിൽ രണ്ട് പേർ അറസ്റ്റിൽ. ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണുവും അസം സ്വദേശിയായ പ്രജ്വലുമാണ് പിടിയിലായത്. വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിച്ച് കൊറിയർ മുഖേന ലഹരിവസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നതായിരുന്നു ഇവരുടെ രീതി.

തൃശ്ശൂർ നഗരമധ്യത്തിലെ പ്രോട്ടീൻ സപ്ലിമെന്റ് സ്ഥാപനം നടത്തുന്ന വിഷ്ണുവിന്റെ സ്ഥാപനത്തിലേക്ക് വിദ്യാർഥികൾ ഉൾപ്പെടെ ലഹരി തേടി എത്തുന്നത് പതിവായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നേരിട്ടുള്ള വിൽപ്പനയ്ക്കൊപ്പം കൊറിയർ വഴിയും ലഹരിവസ്തുക്കൾ വിതരണം ചെയ്തിരുന്നു.

വാട്സ്ആപ്പിലൂടെ ലഭിക്കുന്ന ഓർഡറുകളുടെ അടിസ്ഥാനത്തിൽ ആവശ്യക്കാർ നൽകിയ വിലാസങ്ങളിലേക്ക് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ അയച്ചുനൽകുകയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോസ്റ്റലുകളിലേക്കാണ് പ്രധാനമായും ഇവ വിതരണം ചെയ്തിരുന്നത്. ‘വെസ്റ്റേൺ ടെക്സ്റ്റൈൽസ്’ എന്ന പേരിൽ തുണിത്തരങ്ങളാണെന്ന വ്യാജേനയാണ് ലഹരിവസ്തുക്കൾ കൊറിയർ ചെയ്തിരുന്നത്.

ഇന്ന് കിഴക്കേ കോട്ടയിലെ ഒരു കൊറിയർ സ്ഥാപനത്തിലൂടെ അര കിലോ ഹൈബ്രിഡ് കഞ്ചാവും അഞ്ച് എംഡിഎംഎ ഗുളികകളും തിരുവനന്തപുരം തമ്പാനൂരിലെ ഒരു ഹോസ്റ്റലിലേക്ക് അയയ്ക്കുന്നതിനിടെയാണ് വിഷ്ണുവിനെയും പ്രജ്വലിനെയും പൊലീസ് പിടികൂടിയത്.

ലഹരിവസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട് വിഷ്ണു നേരത്തെയും നാല് തവണ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥിരമായി ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ സ്വീകരിക്കുന്ന പിറ്റ് ആക്ട് പ്രകാരമുള്ള കരുതൽ തടങ്കൽ നടപടി ഇയാൾക്കെതിരെ സ്വീകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

You may also like