തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമ നെയ് വിതരണവുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. നെയ് വിതരണം നടത്താൻ 70 ദിവസത്തെ സമയപരിധിയുണ്ടായിട്ടും ചട്ടപ്രകാരം ടെൻഡർ ക്ഷണിക്കാതെ നടപടികൾ സ്വീകരിച്ചതാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.
നെയ് വിതരണവുമായി ബന്ധപ്പെട്ട അപേക്ഷകൾ ക്ഷണിച്ച രീതി നിയമവിരുദ്ധമാണെന്നും, കൂടുതൽ അപേക്ഷകൾ ലഭിക്കാനാണ് തുറന്ന ടെൻഡർ ഒഴിവാക്കിയതെന്ന വിശദീകരണം അംഗീകരിക്കാനാവില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ടെൻഡർ നടപടി രണ്ടുതവണ ഒഴിവാക്കി പിന്നീട് സീൽഡ് ടെൻഡർ രീതിയിലേക്ക് മാറ്റിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒരു ടിൻ നെയ് ശബരിമലയിലെത്തിക്കുന്നതിനുള്ള ചെലവിൽ അസാധാരണമായ വ്യത്യാസവും അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. മറ്റ് സ്ഥാപനങ്ങൾ യഥാക്രമം 81 രൂപയും 48 രൂപയും ചെലവായി കണക്കാക്കിയപ്പോൾ, കരാർ നേടിയ കമ്പനി വെറും 18 രൂപ മാത്രമാണ് ചെലവായി രേഖപ്പെടുത്തിയത്. ഈ വിലക്കുറവ് ഇടപാടിൽ ദുരൂഹതയുണ്ടാക്കുന്നതായാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
കരാർ ലഭിച്ച കമ്പനിക്ക് 1,65,000 ലിറ്റർ നെയ് വിതരണം ചെയ്യാനുള്ള ഓർഡർ നൽകിയിരുന്നെങ്കിലും, യഥാർത്ഥത്തിൽ വിതരണം ചെയ്തത് 1,56,010 ലിറ്റർ നെയ്യാണ്. കൂടാതെ ശബരിമലയിലേക്ക് ആകെ 30 ബാച്ച് നെയ് തയ്യാറാക്കേണ്ട സാഹചര്യത്തിൽ രേഖകളിൽ ആറ് ബാച്ച് നമ്പറുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
