മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയ സംഭവത്തിൽ ആശങ്ക. ഇത്തവണ കുടുംബക്കല്ലറയ്ക്ക് മുകളിലുണ്ടായിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ് മോഷ്ടാക്കൾ കവർന്നത്. മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പള്ളി അധികൃതർ പൊലീസിൽ പരാതി നൽകി.
ഇന്നലെ മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു. ആ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് സമാനരീതിയിലുള്ള മറ്റൊരു മോഷണവും റിപ്പോർട്ട് ചെയ്തത്.
തൈക്കൂട്ടത്തിൽ ടി.എം. തോമസ് എന്നയാളുടെ കുടുംബക്കല്ലറയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് ഏറ്റവും ഒടുവിൽ കാണാതായത്. കഴിഞ്ഞ ദിവസം താന്നിക്കൽ കുടുംബത്തിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ഷീറ്റും മോഷണം പോയിരുന്നു. തുടർച്ചയായ മോഷണങ്ങൾക്കുപിന്നിൽ ഒരേ സംഘമാണോയെന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
