Home Internationalവിമാനത്തിനുള്ളിൽ തീയും പുകയും; ലഗേജ് റാക്കിലെ പവർ ബാങ്കിന് തീപിടിച്ചു, കാബിൻ ക്രൂവിന്റെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

വിമാനത്തിനുള്ളിൽ തീയും പുകയും; ലഗേജ് റാക്കിലെ പവർ ബാങ്കിന് തീപിടിച്ചു, കാബിൻ ക്രൂവിന്റെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

by news_desk1
0 comments

ബീജിംഗ്: ലാൻഡിംഗിന് പിന്നാലെ വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് റാക്കിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് വിമാനത്തിനുള്ളിൽ പുകയും പരിഭ്രാന്തിയും. ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ എംയു2421 വിമാനത്തിലുണ്ടായ സംഭവത്തിൽ കാബിൻ ക്രൂവിന്റെ സമയോചിത ഇടപെടലിലൂടെ വലിയ ദുരന്തമാണ് ഒഴിവായത്.

ലാൻഷൗവിൽ നിന്ന് ഗുയാങ് ലോങ്‌ഡോങ്ബാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എയർബസ് എ320 വിമാനം റൺവേയിലൂടെ ടെർമിനലിലേക്ക് നീങ്ങുന്നതിനിടെയാണ് യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന പവർ ബാങ്കിന് തീപിടിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. എന്നാൽ വിമാനത്തിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്ന് ചെറിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

തുറന്നുകിടന്ന ലഗേജ് റാക്കിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യം വിമാനത്തിന് പുറത്താണ് തീപിടിത്തമെന്ന് കരുതിയ യാത്രക്കാർ, പിന്നീട് തലയ്ക്ക് മുകളിലെ ലഗേജ് റാക്കിൽ നിന്നാണ് തീ ഉയരുന്നതെന്ന് മനസ്സിലാക്കിയതോടെ പരിഭ്രാന്തരായി മാറിനിൽക്കുകയായിരുന്നു. എന്നാൽ കാബിൻ ക്രൂ അംഗങ്ങൾ ശാന്തത കൈവിടാതെ യാത്രക്കാരെ ആശ്വസിപ്പിക്കുകയും വളരെ വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുന്നതിന് മുമ്പ് തന്നെ തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞു.

ലിഥിയം ബാറ്ററികൾക്ക് കർശന നിയന്ത്രണം

ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ നിലവിലെ സുരക്ഷാ ചട്ടങ്ങൾ പ്രകാരം പവർ ബാങ്കുകൾ ഹാൻഡ് ലഗേജിൽ കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും അവ ഓവർഹെഡ് ലഗേജ് റാക്കിൽ സൂക്ഷിക്കാനോ യാത്രയ്ക്കിടെ മൊബൈൽ ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ അനുവദനീയമല്ല. ലിഥിയം ബാറ്ററികൾക്ക് പെട്ടെന്ന് തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരം സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

You may also like