തിരുവനന്തപുരം: സംസ്ഥാനത്തെ വെയർഹൗസുകളിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മരുന്ന് വാങ്ങൽ, സംഭരണം, വിതരണം എന്നിവ ഉൾപ്പെടെയുള്ള ഇടപാടുകൾ സമഗ്രമായി പരിശോധിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. മരുന്നുകൾ വിതരണം ചെയ്ത കമ്പനികളെയും വിതരണ നടപടിക്രമങ്ങളെയും കുറിച്ചും അന്വേഷണം നടത്തും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ വകുപ്പ് വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകളും പി.പി.ഇ കിറ്റുകളും ഉപയോഗിക്കാതെ വെയർഹൗസുകളിൽ കാലാവധി കഴിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പല മരുന്നുകളും പെട്ടി പോലും തുറക്കാതെ കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ) കീഴിലുള്ള സംസ്ഥാനത്തെ 16 വെയർഹൗസുകളിലായി വലിയ തോതിൽ മരുന്നുകളാണ് കെട്ടിക്കിടക്കുന്നത്. ജീവൻരക്ഷാ മരുന്നുകളും പി.പി.ഇ കിറ്റുകളും ഉൾപ്പെടെയുള്ളവ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആവശ്യത്തിനുമപ്പുറം മരുന്നുകൾ വാങ്ങിയതാണോ, വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. മരുന്ന് വാങ്ങൽ, സംഭരണം, വിതരണം എന്നിവയുടെ ചുമതലയുള്ള കെ.എം.എസ്.സി.എൽ മാനേജ്മെന്റിന്റെ പങ്കും വിശദമായി അന്വേഷിക്കും. കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ മരുന്ന് കമ്പനികളിൽ നിന്ന് നടത്തിയ വാങ്ങലുകളുടെ രേഖകളും കാലാവധി കഴിഞ്ഞ മരുന്നുകളുടെ കണക്കുകളും പരിശോധിച്ച് സംഭവത്തിന് പിന്നിലെ ഉത്തരവാദിത്തം കണ്ടെത്താനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.

