Home Keralaറെയിൽവേ യാത്രക്കാർക്ക് പുതിയ സൗകര്യം നാളെ മുതൽ; അധിക ലഗേജിന് ഇനി ഓൺലൈൻ ബുക്കിങ് നിർബന്ധം, ചരക്കുകൂലി അടയ്ക്കണം

റെയിൽവേ യാത്രക്കാർക്ക് പുതിയ സൗകര്യം നാളെ മുതൽ; അധിക ലഗേജിന് ഇനി ഓൺലൈൻ ബുക്കിങ് നിർബന്ധം, ചരക്കുകൂലി അടയ്ക്കണം

by news_desk1
0 comments

തിരുവനന്തപുരം: റെയിൽവേ യാത്രക്കാർക്ക് അധിക ലഗേജ് കൊണ്ടുപോകുന്നതിനായി പുതിയ ഓൺലൈൻ സംവിധാനം ഇന്ത്യൻ റെയിൽവേ നാളെ മുതൽ നടപ്പിലാക്കുന്നു. ഇനി റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ നിൽക്കാതെ അധിക ലഗേജ് മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യാം. ഇതിനായി www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി സേവനം ലഭ്യമാകും.

യാത്രക്കാർ പുറപ്പെടുന്ന സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, ട്രെയിൻ നമ്പർ എന്നിവ ഉൾപ്പെടെയുള്ള യാത്രാവിവരങ്ങളും ലഗേജിന്റെ വിവരങ്ങളും പോർട്ടലിൽ രേഖപ്പെടുത്തിയാൽ ചരക്കുകൂലി എത്രയാണെന്ന് അറിയാൻ കഴിയും.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത ശേഷം യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെ പാർസൽ ഓഫീസിൽ ലഗേജ് എത്തിച്ച് ഭാരം പരിശോധിച്ച് അന്തിമ തുക നിശ്ചയിക്കും. തുടർന്ന് ചരക്കുകൂലി അടച്ചാൽ രസീത് ലഭിക്കും. ലക്ഷ്യസ്ഥാനത്ത് ലഗേജ് കൈപ്പറ്റാൻ ഈ രസീത് നിർബന്ധമാണ്.

‘ട്രാക്ക് ആൻഡ് ട്രെയ്‌സ്’ (Track & Trace) സംവിധാനത്തിലൂടെ യാത്രക്കാർക്ക് ലഗേജ് എവിടെയെത്തിയെന്ന് തത്സമയം പരിശോധിക്കാനാകും. ലക്ഷ്യസ്ഥാനത്ത് ലഗേജ് എത്തിച്ചേരുമ്പോൾ എസ്‌എം‌എസ് അറിയിപ്പും ലഭിക്കും.

റെയിൽവേ വിവിധ ക്ലാസുകളിലെ സൗജന്യ ലഗേജ് പരിധിയും അധിക ചരക്കുകൂലി നൽകി കൊണ്ടുപോകാവുന്ന പരമാവധി പരിധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

  • സെക്കൻഡ് ക്ലാസ് (ജനറൽ): 35 കിലോഗ്രാം വരെ സൗജന്യം; 70 കിലോഗ്രാം വരെ ചരക്കുകൂലി നൽകി കൊണ്ടുപോകാം.
  • സ്ലീപ്പർ ക്ലാസ്: 40 കിലോഗ്രാം വരെ സൗജന്യം; 80 കിലോഗ്രാം വരെ ചരക്കുകൂലി നൽകി കൊണ്ടുപോകാം.
  • എസി 3-ടയർ / എസി ചെയർ കാർ: 40 കിലോഗ്രാം വരെ സൗജന്യം; അതിന് മുകളിലുള്ള അനുവദനീയ പരിധിവരെ അധിക ചരക്കുകൂലി നൽകണം.
  • ഫസ്റ്റ് ക്ലാസ് എസി: 70 കിലോഗ്രാം വരെ സൗജന്യം; 150 കിലോഗ്രാം വരെ ചരക്കുകൂലി നൽകി കൊണ്ടുപോകാം.

യാത്രയ്ക്കിടെ അധിക ലഗേജ് കൊണ്ടുപോകുന്നവർക്ക് പുതിയ ഓൺലൈൻ സംവിധാനം കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് ഇന്ത്യൻ റെയിൽവേയുടെ വിലയിരുത്തൽ.

You may also like