Home Keralaപിഎംശ്രീ പദ്ധതിയിൽ യുഡിഎഫ് നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പി. രാജീവ്; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ്

പിഎംശ്രീ പദ്ധതിയിൽ യുഡിഎഫ് നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പി. രാജീവ്; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ്

by news_desk
0 comments

തിരുവനന്തപുരം: പിഎംശ്രീ (PM-SHRI) പദ്ധതിയിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ട് മാത്രമാണ് ഇപ്പോൾ മുന്നോട്ടു പോകേണ്ടി വരുന്നുവെന്ന യുഡിഎഫ് വാദത്തിനെതിരെ വ്യവസായ മന്ത്രി പി. രാജീവ്. അങ്ങനെയാണെങ്കിൽ പിന്നെ രാജിവെച്ച് എൽഡിഎഫ് തന്നെ ഭരിക്കട്ടെ എന്ന് യുഡിഎഫ് പറയട്ടെയെന്ന് അദ്ദേഹം പരിഹസിച്ചു. വേണ്ടെന്ന് ശക്തമായി തീരുമാനിച്ച ശേഷം ഒരു കടുകുമണി പോലും തങ്ങൾ മുന്നോട്ടു കൊണ്ടുപോയിട്ടില്ലെന്നും, എന്നാൽ ഇപ്പോൾ കേന്ദ്രത്തിന്റെ മുന്നിൽ കാലുനക്കുന്ന അവസ്ഥയിലേക്ക് ഈ സർക്കാരും മുഖ്യമന്ത്രിയും മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രം വെല്ലുവിളിച്ചാൽ പോരാ, ഭരിക്കാൻ തക്ക നട്ടെല്ല് വേണമെന്നും, കേരളത്തിൽ ഇപ്പോൾ ബിജെപിക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്നും പി. രാജീവ് രൂക്ഷമായി വിമർശിച്ചു.

വഖഫ് വിഷയത്തിലും സർക്കാർ പൂർണ്ണമായും ബിജെപിക്ക് മുന്നിൽ കീഴടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹി സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയാണ് കേരളത്തിൽ വന്ന് സമരക്കാർക്കെതിരെ തന്നെ കേസെടുത്തത്. പിഎംശ്രീ നടപ്പാക്കില്ലെന്ന് നിലപാടെടുത്താൽ കേന്ദ്രത്തിന് അത് മൂക്കിലൂടെ വലിച്ചു കയറ്റാൻ ആകുമോയെന്നും, എങ്ങനെയാണ് ഒരു സർക്കാരിന് ഇത്ര പെട്ടെന്ന് മലക്കം മറിയാൻ കഴിയുന്നതെന്നും പി. രാജീവ് ചോദിച്ചു. എൽഡിഎഫ് സർക്കാർ ഫണ്ടല്ല പ്രശ്നം എന്ന് കണ്ടാണ് അന്ന് നിലപാടെടുത്തതെന്നും, എൽഡിഎഫ് സർക്കാരിനെ പോലെ അന്തസ്സായി കോടതിയിൽ പോകാനുള്ള ആർജവമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് (RSS) അജണ്ട നടപ്പാക്കുന്നവരായി മുഖ്യമന്ത്രിയും മറ്റ് ഭരണപക്ഷ നേതാക്കളും മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യുഡിഎഫ് ഉറച്ചുനിൽക്കുന്നത്. പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നാണ് യുഡിഎഫ് യോഗത്തിലെ പൊതുതീരുമാനം. ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്നാണ് യുഡിഎഫ് നിലപാട്. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പദ്ധതി നടപ്പിലാക്കണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും, അത് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിനു ശേഷം അന്തിമമായി തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി.

കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് അർഹതപ്പെട്ട രീതിയിൽ കിട്ടേണ്ട ഫണ്ടുകൾ ഉണ്ടെന്നും, അത് ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുഡിഎഫ് സർക്കാർ ബോർഡുകൾ പിരിച്ചുവിട്ടു എന്ന തരത്തിലുള്ള പരാതികൾ പറയാൻ ഇടവരുത്തരുതെന്നും, ഏറ്റവും മാന്യമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ – വിദേശ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ യുഡിഎഫ് പൂർണ്ണമായി പിന്തുണയ്ക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. എല്ലാ മാസങ്ങളിലും കൃത്യമായി യുഡിഎഫ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ പിഎംശ്രീ വിഷയം വിശദമായി ചർച്ച ചെയ്യുകയുണ്ടായി. പിഎംശ്രീ കരാറിൽ മുൻ സർക്കാരിന്റെ കാലത്താണ് ഒപ്പുവെച്ചതെന്നും, അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയാണ് അതിൽ ഒപ്പുവെച്ചതെന്നും വ്യക്തമാക്കിയ യുഡിഎഫ്, കഴിഞ്ഞ സർക്കാർ ചെയ്തതിന്റെ തുടർച്ചയെന്ന നിലയിലാണ് ഇപ്പോൾ സർക്കാർ ഇതിലൂടെ മുന്നോട്ടുപോകുന്നതെന്നും കൂട്ടിച്ചേർത്തു.

You may also like