കോഴിക്കോട്: വടകരയിൽ അധ്യാപകർ പ്രതികളായ എംഡിഎംഎ കേസിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.എസ്.കെ അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എം.കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ പുറത്തിറക്കി.
പേരാമ്പ്ര ബി.ആർ.സി.യിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. തുടർന്ന് ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അന്വേഷണത്തിന് തീരുമാനമായത്.
അതേസമയം, കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികളും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. അധ്യാപികമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ആറുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. കീർത്തനയുടെ അക്കൗണ്ടിൽ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 9 ലക്ഷം രൂപയും എത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.
ചെറിയ ശമ്പളമുള്ള ജോലിയിൽ തുടരുന്ന ഇവരുടെ അക്കൗണ്ടുകളിൽ ഇത്രയും വലിയ തുക എത്തിയതിനു പിന്നിൽ ലഹരി ഇടപാടുകളാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വത്ത് കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങുന്നത്.
പ്രതികൾ ഉപയോഗിച്ചിരുന്ന വിദേശ ഫോൺ നമ്പറുകളും അന്വേഷണ പരിധിയിലുണ്ട്. ലഹരി വിൽപ്പനയ്ക്കായി ഈ നമ്പറുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. വിദേശത്തുനിന്ന് സാമ്പത്തികമോ മറ്റ് സഹായങ്ങളോ ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

