Home Keralaജവാൻ വാങ്ങി ‘പ്രീമിയം വിസ്കി’യാക്കി വിറ്റ തട്ടിപ്പ്; തലസ്ഥാനത്ത് വീട്ടിൽ പ്രവർത്തിച്ച വ്യാജ മദ്യ നിർമാണ കേന്ദ്രം പൊളിച്ച് എക്സൈസ്

ജവാൻ വാങ്ങി ‘പ്രീമിയം വിസ്കി’യാക്കി വിറ്റ തട്ടിപ്പ്; തലസ്ഥാനത്ത് വീട്ടിൽ പ്രവർത്തിച്ച വ്യാജ മദ്യ നിർമാണ കേന്ദ്രം പൊളിച്ച് എക്സൈസ്

by news_desk1
0 comments

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വിലക്കുറഞ്ഞ മദ്യം വാങ്ങി രാസപദാർഥങ്ങൾ ചേർത്ത് വിലകൂടിയ വിദേശ വിസ്കി ബ്രാൻഡുകളുടെ പേരിൽ വിറ്റിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കറെയാണ് കേസിൽ അറസ്റ്റ് ചെയ്തത്.

ജവാൻ, ക്ലബ് ഹൗസ് ഉൾപ്പെടെയുള്ള കുറഞ്ഞ വിലയുള്ള മദ്യം വാങ്ങി, ബ്ലാക്ക് ലേബൽ, റെഡ് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ വിലകൂടിയ സ്കോച്ച് ബ്രാൻഡുകളുടെ പേരിൽ വ്യാജ മദ്യം നിർമിച്ച് വിൽപ്പന നടത്തിയിരുന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

പ്രതിയുടെ വീട്ടിലെ കിടപ്പുമുറിയിൽ വെച്ചാണ് വ്യാജ മദ്യം നിർമിച്ചിരുന്നത്. വിലക്കുറഞ്ഞ മദ്യത്തിൽ എസൻസും മറ്റ് രാസചേരുവകളും ചേർത്ത് കലർത്തിയ ശേഷം വിലകൂടിയ ബ്രാൻഡുകളുടെ കുപ്പികളിൽ നിറച്ച് ലേബൽ പതിപ്പിച്ചാണ് വിൽപ്പന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പരിശോധനയിൽ വീടിന്റെ കിടപ്പുമുറിയിൽ നിന്ന് 14 ലിറ്റർ വ്യാജ മദ്യവും ബെവ്കോയിൽ നിന്ന് വാങ്ങിയ ആറര ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലകൂടിയ മദ്യമെന്ന പേരിൽ ഇത്തരം വ്യാജ മദ്യം വിതരണം ചെയ്തിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വ്യാപക പരിശോധന ശക്തമാക്കുമെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നിയമനടപടികൾ തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

You may also like