Home Keralaകശുവണ്ടി അഴിമതി കേസ്; ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷിനോട് രാജിവെക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

കശുവണ്ടി അഴിമതി കേസ്; ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷിനോട് രാജിവെക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

by news_desk1
0 comments

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസിന്റെ പശ്ചാത്തലത്തിൽ ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ് സ്ഥാനമൊഴിയുന്നു. കെ.എ. രതീഷിനോട് രാജിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായാണ് സൂചന. ഖാദി ബോർഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കശുവണ്ടി അഴിമതി കേസിൽ കെ.എ. രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.

അതേസമയം, കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസിൽ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ സി.ബി.ഐ കോടതിയെ സമീപിച്ചു. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾക്കൊപ്പം അഴിമതി നിരോധന നിയമവും ഉൾപ്പെടുത്തിയാണ് നടപടി.

ഒന്നാം പ്രതി കെ.എ. രതീഷിനും മൂന്നാം പ്രതി ആർ. ചന്ദ്രശേഖരനും എതിരെയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. അഴിമതി നിരോധന നിയമപ്രകാരം പ്രതികളെ വിചാരണ ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അഴിമതി നിരോധന നിയമം കൂടി ചുമത്തിയ സാഹചര്യത്തിൽ കേസ് കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷയും സി.ബി.ഐ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

You may also like