വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ അംഗീകരിച്ചുള്ള കരാർ എത്രയും വേഗം ഒപ്പിടാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാനെതിരായ ആക്രമണങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഇസ്രയേലിനൊപ്പം ചേർന്ന് ഇറാന്റെ ഊർജകേന്ദ്രങ്ങൾ ആക്രമിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.
ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക എന്നീ പ്രധാന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന കരാറിൽ എത്രയും വേഗം തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആക്രമണം താത്കാലികമായി നിർത്താൻ തീരുമാനിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്രയേലുമായി ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും ആക്രമണങ്ങൾ അവസാനിപ്പിച്ച് കരാറിലെത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും ട്രംപ് അവകാശപ്പെട്ടു. കരാറിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ചും അദ്ദേഹം തന്റെ പോസ്റ്റിൽ വിശദീകരിച്ചു.
അമേരിക്കയ്ക്ക് ആവശ്യമെങ്കിൽ ഇറാനെ ആക്രമിക്കാൻ പൂർണ സജ്ജതയുണ്ടെന്നും ആവശ്യമായ ആയുധങ്ങളും സൈനിക സന്നാഹങ്ങളും തയ്യാറായിക്കഴിഞ്ഞതായും ട്രംപ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ സൈനിക നീക്കങ്ങൾ നടത്താൻ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിൽ അമേരിക്കയെ വിമർശിച്ച് ഇറാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വാഷിങ്ടണുമായി മേഖലയിലെ ഏതെങ്കിലും രാജ്യം സഹകരിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോട് ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് മേഖലയിലുള്ള അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കുകയോ സുരക്ഷിത മേഖലകളിലേക്ക് മാറുകയോ ചെയ്യണമെന്ന് അമേരിക്കൻ സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിന് ശേഷം സൈനിക നടപടികൾ നിർത്തിവച്ചിരുന്ന ഇസ്രയേൽ വീണ്ടും ഇറാനെതിരെ ആക്രമണം ആരംഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
ഇറാന്റെ ഊർജകേന്ദ്രങ്ങൾ സംയുക്തമായി ആക്രമിക്കാൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സൈന്യത്തോട് തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ ട്രംപ് നിർദേശം നൽകിയിരുന്നെങ്കിലും അന്തിമ അനുമതി നൽകിയിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു.

