ബെംഗളൂരു: കാവേരി ജലവിതരണ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സർക്കാരോ സുപ്രീംകോടതിയോ ഇടപെടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
വെള്ളം കുറവുള്ള സാഹചര്യത്തിൽ തമിഴ്നാടിന് വെള്ളം നൽകാൻ കഴിയില്ലെന്നും, നിലവിൽ മഴ ലഭിച്ചതിനാലാണ് പ്രതിസന്ധി ഒഴിവായിരിക്കുന്നതെന്നും കർണാടക സർക്കാർ വ്യക്തമാക്കി. നിർദേശിച്ചതിനേക്കാൾ കൂടുതൽ വെള്ളം തമിഴ്നാടിന് നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
കബനി, ഹാരംഗി അണക്കെട്ടുകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് നിലവിൽ വെള്ളം ഒഴുക്കുന്നത് തുടരുമെങ്കിലും മഴ നിലച്ചാൽ വെള്ളം നൽകുന്നത് നിർത്തുമെന്നും സർക്കാർ അറിയിച്ചു. കൂടാതെ 40 ടി.എം.സി വെള്ളം കരുതൽ ശേഖരമായി നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കില്ലെന്നും, ഡി.എം.കെ സമർപ്പിച്ച ഹർജിയിൽ കോടതി വിശദീകരണം ആവശ്യപ്പെട്ടാൽ മറുപടി നൽകുമെന്നും കർണാടക സർക്കാർ അറിയിച്ചു.
അതേസമയം, നദീജല തർക്കം ചർച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി നടത്താനിരുന്ന കൂടിക്കാഴ്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ റദ്ദാക്കിയിരുന്നു. തമിഴ്നാടുമായി ചർച്ച നടത്താൻ നിലവിൽ അനുയോജ്യമായ സാഹചര്യമല്ല ഉള്ളതെന്നും, തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയ്ക്കായി തമിഴ്നാട് മുഖ്യമന്ത്രി എത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കാവേരി ജലവിതരണ തർക്കം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് കൂടിക്കാഴ്ച മാറ്റിവെച്ചത്. വെള്ളം സംബന്ധിച്ച വിഷയത്തിൽ വ്യക്തതയില്ലാതെ തമിഴ്നാട് മുഖ്യമന്ത്രിയെ ബെംഗളൂരുവിൽ പ്രവേശിപ്പിക്കില്ലെന്നും, വിമാനത്താവളത്തിൽ തടയുമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

