Home Top Storiesഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി വിദഗ്ധ സമിതി തള്ളി; രാജ്യസഭയിൽ വെളിപ്പെടുത്തി അശ്വിനി വൈഷ്ണവ്

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി വിദഗ്ധ സമിതി തള്ളി; രാജ്യസഭയിൽ വെളിപ്പെടുത്തി അശ്വിനി വൈഷ്ണവ്

by news_desk1
0 comments

ന്യൂഡൽഹി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. സിപിഐ(എം) എംപി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ രൂപത്തിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ റെയിൽവേ വികസനത്തിനായി മുൻകൂട്ടി നിശ്ചയിച്ച പദ്ധതികൾ നടപ്പിലാക്കുന്നതിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതായും അദ്ദേഹം അറിയിച്ചു.

ഇതിന് മുമ്പ് മുഖ്യമന്ത്രി വി.ഡി. സതീശനും ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാനാകില്ലെന്നുമാണ് വിദഗ്ധ സമിതി കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ വീണ്ടും നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിശോധിക്കാനാണ് സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. റിപ്പോർട്ട് പൂർണമല്ലെന്നും കേരളത്തിന്റെ സാമ്പത്തിക ശേഷി, യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കൃത്യമായ പഠനത്തിന്റെ അഭാവം, പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം നടത്താത്തത് എന്നിവ കാരണം നിലവിലെ മാതൃകയിൽ പദ്ധതി സ്വീകരിക്കാനാകില്ലെന്നുമാണ് സമിതി വിലയിരുത്തിയത്. എന്നാൽ തുടർനടപടികൾ സംബന്ധിച്ച ശുപാർശകളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.

ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് പദ്ധതി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഗതാഗത സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിൽ നാലംഗ ഉപസമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ ജെ. വിനയൻ, സാമ്പത്തിക വിദഗ്ധൻ ഡോ. ടി. വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.

ഉപസമിതി അഞ്ച് തവണ യോഗം ചേർന്ന് റിപ്പോർട്ട് വിശദമായി പരിശോധിച്ചു. ചെലവുകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വ്യക്തത തേടിയ സമിതിക്ക്, ഇ. ശ്രീധരന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ വിശദീകരണം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ രൂപത്തിൽ പദ്ധതി അംഗീകരിക്കാനാകില്ലെന്ന വിദഗ്ധ സമിതിയുടെ അന്തിമ തീരുമാനം.

ജനുവരി 24ന് നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽ പദ്ധതി ഇ. ശ്രീധരൻ അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ 14 സ്റ്റേഷനുകളോടെയായിരിക്കും പദ്ധതി ആരംഭിക്കുകയെന്നും പിന്നീട് അത് 22 സ്റ്റേഷനുകളായി വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തിരുവനന്തപുരം എയർപോർട്ട്, വർ‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളാണ് നിർദേശിച്ച സ്റ്റേഷനുകൾ. കാസർകോട് യാത്രക്കാരുടെ എണ്ണം കുറവാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ജില്ലയെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു.

You may also like