Home National‘അമ്മയ്‌ക്കൊപ്പം പോകാൻ താൽപര്യമില്ല’; എട്ടുവയസ്സുകാരന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി

‘അമ്മയ്‌ക്കൊപ്പം പോകാൻ താൽപര്യമില്ല’; എട്ടുവയസ്സുകാരന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി

by news_desk1
0 comments

റായ്‌പൂർ: രണ്ടാനമ്മയിൽ നിന്ന് കുട്ടിക്ക് പീഡനമോ വിവേചനമോ നേരിടുമെന്ന അമ്മയുടെ ആരോപണം തള്ളി, എട്ടുവയസ്സുകാരനായ മകന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി. അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് താമസിക്കാൻ താൽപര്യമെന്നും അവർ തന്നെ നന്നായി പരിചരിക്കുന്നുണ്ടെന്നും കുട്ടി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ വിധി. കുട്ടിയുടെ ക്ഷേമവും താൽപര്യവുമാണ് കസ്റ്റഡി കേസുകളിൽ പ്രധാന പരിഗണനയെന്ന് കോടതി നിരീക്ഷിച്ചു.

2016-ലാണ് കുട്ടിയുടെ മാതാപിതാക്കൾ വിവാഹിതരായത്. പിന്നീട് പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയ ഇരുവരും പിന്നീട് വീണ്ടും വിവാഹിതരായി. തുടർന്ന് മകന്റെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് മാതാവ് ‘ഗാർഡിയൻസ് ആൻഡ് വാർഡ്സ് ആക്ട്’ പ്രകാരം കോടതിയെ സമീപിക്കുകയായിരുന്നു.

സാമ്പത്തികമായും സാമൂഹികമായും താൻ മെച്ചപ്പെട്ട നിലയിലാണെന്നും കുട്ടി തന്റെ കൂടെ വളരുന്നതാണ് ഉചിതമെന്നും അമ്മ കോടതിയിൽ വാദിച്ചു. ഡ്രൈവറായ മുൻഭർത്താവിന് കുട്ടിയെ പരിപാലിക്കാൻ മതിയായ സമയം ലഭിക്കില്ലെന്നും, രണ്ടാമത് വിവാഹം കഴിച്ചതിനാൽ രണ്ടാനമ്മയുടെ ഭാഗത്തുനിന്ന് കുട്ടിയോട് മോശം പെരുമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ ആരോപിച്ചു.

കേസിന്റെ ഭാഗമായി ഹൈക്കോടതി കുട്ടിയുമായി നേരിട്ട് സംസാരിച്ചിരുന്നു. അച്ഛനും രണ്ടാനമ്മയും തന്നെ വളരെ നന്നായി നോക്കുന്നുണ്ടെന്നും ആവശ്യമായ പരിചരണവും വിദ്യാഭ്യാസവും നൽകുന്നുണ്ടെന്നും കുട്ടി കോടതിയെ അറിയിച്ചു. അമ്മയ്‌ക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും അച്ഛന്റെ കൂടെ തുടരാനാണ് ആഗ്രഹമെന്നും കുട്ടി വ്യക്തമാക്കി.

കുട്ടിയുടെ വ്യക്തമായ അഭിപ്രായവും അവന് ലഭിക്കുന്ന സുരക്ഷിതമായ കുടുംബാന്തരീക്ഷവും പരിഗണിച്ച കോടതി, കുടുംബകോടതിയുടെ മുൻ ഉത്തരവ് ശരിവെച്ച് സംരക്ഷണാവകാശം അച്ഛന് തന്നെ നൽകുകയായിരുന്നു. അതേസമയം, അമ്മയ്ക്ക് കുട്ടിയെ സന്ദർശിക്കാനും അവനൊപ്പം സമയം ചെലവഴിക്കാനുമുള്ള അവകാശം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.

You may also like