തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി അനുകൂല മറുപടിക്കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ സർക്കാർ നടപടി. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തു.
സുഗതന് അവധി അനുവദിക്കുന്നതിന് വഴിയൊരുക്കിയ മറുപടിക്കത്ത് നൽകിയ സംഭവത്തിൽ ഡോ. ചിത്ര ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. അന്വേഷണത്തിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി.
മന്ത്രി കെ.എം. ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണ് അണ്ടർ സെക്രട്ടറി അനുകൂല മറുപടിക്കത്ത് നൽകിയതെന്നാണ് കണ്ടെത്തൽ.
കാപ്പാ കേസിൽ ജയിലിലായിരുന്ന കൗൺസിലർ സുഗതന്റെ അയോഗ്യതാ പ്രശ്നം മറികടക്കാൻ ആഭ്യന്തര വകുപ്പിന്റെ മറുപടിക്കത്താണ് തിരുവനന്തപുരം മേയർ ആയുധമാക്കിയത്. അവധി അപേക്ഷ കൗൺസിലിൽ അവതരിപ്പിച്ച് പാസാക്കിയാൽ കൗൺസിലർ സ്ഥാനം നിലനിർത്താമെന്നായിരുന്നു കത്തിൽ നൽകിയിരുന്ന നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ആറുമാസത്തെ അവധി അനുവദിച്ചതോടെ സുഗതന് കൗൺസിലർ സ്ഥാനം തുടർന്നുനിൽക്കാൻ സാധിച്ചിരുന്നു.
ജയിൽ സൂപ്രണ്ടിലൂടെ മേയർ വി.വി. രാജേഷിന് സുഗതൻ അവധി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ കൈമാറിയ വിവരം ജയിൽ സൂപ്രണ്ട് ആഭ്യന്തര വകുപ്പിനെയും അറിയിച്ചതോടെയാണ് തുടർ നടപടികൾക്ക് വഴിയൊരുങ്ങിയത്.

