Home Nationalവിമാനം ആകാശച്ചുഴിയിൽ ആടിയുലഞ്ഞു; ‘സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’ എന്ന് യാത്രക്കാർ

വിമാനം ആകാശച്ചുഴിയിൽ ആടിയുലഞ്ഞു; ‘സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’ എന്ന് യാത്രക്കാർ

by news_desk1
0 comments

ദില്ലി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ആകാശച്ചുഴി (ടർബുലൻസ്) ഉണ്ടായതിനെ തുടർന്ന് യാത്രക്കാർ ഭീതിയുടെ നിമിഷങ്ങൾ അനുഭവിച്ചു. വിമാനം ശക്തമായി ആടിയുലഞ്ഞതോടെ പലർക്കും പരിക്കേറ്റു. യാത്രക്കാർ മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നുവെന്ന് അവർ പറഞ്ഞു.

തായ്‍ലൻഡിലെ ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരുമായി ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI379 വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ടത്. രാവിലെ 8:25-നാണ് വിമാനം ഫുക്കറ്റിൽ നിന്ന് പുറപ്പെട്ടത്. സംഭവത്തിൽ 17 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ രാവിലെ 11 മണിയോടെ വിമാനം ദില്ലി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

വിമാനത്തിലെ യാത്രക്കാരിയായ ഇറ്റലിക്കാരിയായ വിവിയാന അനുഭവം വിവരിക്കവേ പറഞ്ഞു: “വിമാനം സാധാരണ രീതിയിലാണ് സഞ്ചരിക്കുന്നതെന്ന് തോന്നി. എന്നാൽ പെട്ടെന്ന് ആകാശച്ചുഴി ഉണ്ടായി. എന്റെ സഹോദരി സീറ്റിൽ നിന്ന് മുകളിലേക്ക് തെറിച്ചുപോകുന്നത് ഞാൻ കണ്ടു. അമ്മയുടെ തല ഇടിച്ചു. എന്റെ ഫോൺ താഴെ വീണു. എനിക്ക് പിന്നിലിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഒരു പുരുഷ യാത്രക്കാരന്റെ മുഖത്ത് ചോരയുണ്ടായിരുന്നു. ഞങ്ങൾ മരിച്ചുപോകുമെന്നാണ് കരുതിയത്. അത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. ഞാൻ വിറയ്ക്കുകയും കരയുകയും ചെയ്തു. ഇപ്പോഴും എനിക്ക് ശരിയായി കേൾക്കാൻ കഴിയുന്നില്ല.”

വിമാനം സുരക്ഷിതമായി ദില്ലിയിൽ ഇറക്കിയതോടെ യാത്രക്കാർ ആശ്വാസനിശ്വാസം വിട്ടു. സംഭവത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ട്.

You may also like