കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. വിവാഹം കഴിഞ്ഞ് എട്ട് മാസം തികയും മുൻപാണ് റിസ ജീവനൊടുക്കിയതെന്നും, ഭർത്താവിന്റെ പീഡനവും പെരുമാറ്റവുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു.
ആസിഫ് ലഹരി ഉപയോഗിക്കുന്നതായി റിസ കണ്ടിരുന്നുവെന്നും, ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ആത്മഹത്യയ്ക്ക് മുൻപ് സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തിലും മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലും വ്യക്തമാണെന്നും ബന്ധുക്കൾ പറയുന്നു. സംഭവദിവസം തന്നെ വിദേശത്തേക്ക് കടന്ന ആസിഫിനെ ഉടൻ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി വളപട്ടണം പൊലീസ് ആസിഫിനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. വിദേശത്തുള്ള ഇയാളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ പൊലീസ് തുടരുകയാണ്.
മുൻപും ഭർതൃവീട്ടിൽ വെച്ച് റിസ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. ദുബായിൽ ജോലി ചെയ്തിരുന്ന ആസിഫ് മാസത്തിൽ പലതവണ നാട്ടിലെത്തി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് മടങ്ങാറുണ്ടായിരുന്നുവെന്നും, ഈ യാത്രകളിലും സംശയങ്ങളുണ്ടെന്നും റിസയുടെ മരണത്തിന് പിന്നാലെ നാട്ടുകാരും ആരോപിച്ചു.

